കൊച്ചി: തീയറ്റർ വിവിഹത്തെ ചൊല്ലിയുള്ള സിനിമ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് സിനിമ തീയറ്ററുകളും അടച്ചിടാൻ ഫെഡറേഷൻ തീരുമാനിച്ചു.
എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയിലുള്ള സംസ്ഥാനത്തെ 356 തീയറ്ററുകളാണ് അടച്ചിടുന്നത്. 50–50 തീയറ്റർ വിഹിതമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകേണ്ടെന്ന് ഫെഡറേഷൻ തീരുമാനിച്ചു. ഇതിനിടെ, ഫെഡറേഷന് തിയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും പ്രഖ്യാപിച്ചിരുന്നു. 12 മുതല്‍ ബി, സി ക്ലാസ് തിയറ്ററുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലും പുതിയ റിലീസുകള്‍ എത്തും.
19ന് മുൻപ് സമരം അവസാനിപ്പിച്ചില്ലെങ്കിൽ ബി ക്ലാസ് തീയറ്ററുകളിലും റിലീസ് ചെയ്യാൻ സന്നദ്ധമാകുന്ന എ ക്ലാസ് തീയറ്ററുകളിലും സിനിമകൾ പ്രദർശിപ്പിക്കുമെന്ന് നിർമാതാക്കളും വിതരണക്കാരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി, പൃഥ്വിരാജ് നായകനായി എത്തുന്ന എസ്ര എന്നീ ചിത്രങ്ങൾ 19ന് തീയറ്ററിൽ എത്തിക്കാനാണ് വിതരണക്കാരും നിർമാതാക്കളും തീരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രം ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ ദുൽഖർ–സത്യൻ അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്നീ ചിത്രങ്ങളും റിലീസിനായി തയാറെടുത്തിരിക്കുകയാണ്.