Friday July 19th, 2019 - 10:09:pm
topbanner
topbanner

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ഇന്നുമുതല്‍; റൂട്ടുകള്‍ ഇങ്ങനെ

Jikku Joseph
കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ഇന്നുമുതല്‍; റൂട്ടുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ഇന്നുമുതല്‍. തിരുവനന്തപുരം നഗരത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇ-ബസ് സര്‍വീസ് നടത്തും. കെ.യു.ആര്‍.ടി.സിയുടെ ലോ ഫ്ളോര്‍ ബസിന്റെ അതേ നിരക്കാവും ഇ-ബസിലും ഈടാക്കുകയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ഇന്നുരാവിലെ 11നു പാപ്പനംകോട് ഡിപ്പോയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കിഴക്കേക്കോട്ടയില്‍ നിന്നു വെഞ്ഞാറമൂട്, കോവളം റൂട്ടുകളിലാണു സര്‍വീസ് നടത്തുക. അഞ്ചുദിവസം വീതം കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും. ചൈനീസ് നിര്‍മാതാവായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെ നിര്‍മ്മിച്ച ഇലക്ട്രിക് ബസില്‍ 40 പുഷ്ബാക്ക് സീറ്റുകളും സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തിലും പരീക്ഷണ സര്‍വീസ് നടത്തുക. ബസിനു വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള താല്‍ക്കാലിക സംവിധാനം അതതു ഡിപ്പോകളില്‍ ഒരുക്കും. വൈദ്യുതി കെഎസ്ആര്‍ടിസിയാണു നല്‍കുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടാം. അഞ്ചു മണിക്കൂറാണു ചാര്‍ജിങ് സമയം. ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതി വേണം. കെ.എസ്.ഇ.ബി വ്യാവസായിക നിരക്കു പ്രകാരം ഒരു യൂണിറ്റിന് ആറു രൂപയാണു ചെലവ്.

1.6 കോടി രൂപ ബസിനു വിലയുളളതിനാല്‍ ബസ് നേരിട്ട് വാങ്ങുന്നതിനു പകരം വാടകയ്‌ക്കെടുത്ത് ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. ഏറെ നാളുകളായി ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിച്ചിരുന്നെങ്കിലും എംഡിയായി ടോമിന്‍ ജെ തച്ചങ്കരി ചുമതലയേറ്റ ശേഷമാണു നടപടികള്‍ക്കു വേഗത കൈവരിച്ചത്.

വീല്‍ ചെയറുകളിലെ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ബസിന്റെ രൂപകല്‍പന. ഓട്ടമാറ്റിക് ഗിയര്‍ സംവിധാനമാണു ബസിനുള്ളത്. പിന്നിലെ രണ്ടു ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടറുകളാണു ബസിന്റെ വേഗം നിയന്ത്രിക്കുന്നത്. പരീക്ഷണയോട്ടം വിജയിച്ചാല്‍ ഘട്ടംഘട്ടമായി 300 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുമെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതവാഹന സബ്‌സിഡി പദ്ധതിയില്‍ ഒരു കോടി രൂപ വരെ ആനുകൂല്യം ലഭിക്കുമെന്നും കര്‍ണാടക, ഗോവ, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി കരാര്‍ അടിസ്ഥാനത്തിലാണ് ഇബസ് ഓടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിലോമീറ്റര്‍ നിരക്കിലുളള ബസിന്റെ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സി നല്‍കും. ബസിന്റെ മുതല്‍ മുടക്കും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കുന്നത്.


ബസ് റൂട്ടുകള്‍:

തിരുവനന്തപുരം: തിരുവനന്തപുരം-വെഞ്ഞാറമൂട് തിരുവനന്തപുരം-മെഡിക്കല്‍കോളജ്-കഴക്കൂട്ടം കിഴക്കേകോട്ട-കോവളം കിഴക്കേക്കോട്ട-ടെക്‌നോപാര്‍ക്

എറണാകുളം: ആലുവ-വൈറ്റില-ചേര്‍ത്തല തിരുവാങ്കുളം-ഹൈക്കോടതി-തോപ്പുംപടി അങ്കമാലി-ഇന്‍ഫോപാര്‍ക്ക്

കോഴിക്കോട്: കോഴിക്കോട്-രാമനാട്ടുകര-കൊണ്ടോട്ടി-മലപ്പുറം കോഴിക്കോട്-സിവില്‍ സ്‌റ്റേഷന്‍-തലശ്ശേരി

English summary
first service of electric bus starts today
topbanner

More News from this section

Subscribe by Email