കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റനമ്പര്‍ ചൂതാട്ടവും വ്യാജലോട്ടറിയും വില്‍പ്പന നടത്തി സര്‍ക്കാറിന് കോടികളുടെ നഷ്ടം വരുത്തിയ സംഘത്തിലെ മൂന്നു പേരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് പൂക്കോത്ത്തെരുവിലെ പി.സുനില്‍(42), പട്ടുവം മുള്ളൂലിലെ കുന്നോല്‍ വീട്ടില്‍ പവിത്രന്(52), കടമ്പേരിയിലെ വടക്കീല്‍ വീട്ടില്‍ വേണുഗോപാലന്‍(50), ഇവരുടെ സഹായികളായ ചെറുകിട വില്‍പ്പനക്കാര്‍ കൃഷ്ണന്, നസീര്‍, മഞ്്ജുനാഥ് എന്നിവരേക്കൂടി കേസില്‍ പിടികൂടാനുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് ഈ മൂന്നുപേരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
പിടികൂടിയവര്‍ക്കെതിരെ വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഡിവൈഎസ്പി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റനമ്പര്‍ ചൂതാട്ടത്തിനിടയില്‍ പിടികൂടിയ ലക്ഷ്മണന് എന്ന ചെറുകിട ഏജന്റിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന വേഷംമാറിയെത്തിയാണ് പോലീസ് പ്രധാനപ്രതിയായ സുനിലിനെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇതിന് പുറകിലുള്ള മറ്റുള്ളവരെക്കുറിച്ച് വ്യക്തമായത്. ഇന്ന് ഉച്ചമുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നഗരത്തിലെ എല്ലാ ചെറുകിട വില്‍പ്പനശാലകളും റെയിഡ് ചെയ്തിരുന്നു.
പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന ലോട്ടറി തട്ടിപ്പിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സംസ്ഥാനത്ത് വ്യാജലോട്ടറിയും ഒറ്റനമ്പര്‍ ലോട്ടറിയും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായ സുനില്‍ പൂക്കോത്ത്തെരുവിലെ വീട് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജില്ലയിലെ അയല്‍ജില്ലകളിലും ഇയാള്‍ക്ക് വ്യാജ ലോട്ടറി എത്തിച്ചുകൊടുക്കാനും വില്‍പ്പന നടത്താനും ഏജന്റുമാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം സംസ്ഥാന സര്‍ക്കാറിന് ഇവരുടെ പ്രവര്‍ത്തനം മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.
ഇവരെ കൂടുതലായി ചോദ്യം ചെയ്തുവരികയാണ്. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പിയുടെ സ്ക്വാഡില്‍പെട്ട കെ.വി.രമേശന്, സുരേഷ് കക്കറ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.