Wednesday January 16th, 2019 - 5:50:am
topbanner

ചെറുപ്രായത്തില്‍ ബസ്സില്‍വെച്ച് സംഭവിച്ചത്; സുനിതയുടെ തുറന്നു പറച്ചില്‍

NewsDesk
ചെറുപ്രായത്തില്‍ ബസ്സില്‍വെച്ച് സംഭവിച്ചത്; സുനിതയുടെ തുറന്നു പറച്ചില്‍

തിരുവനന്തപുരം: പൊതു ഇടങ്ങളിലെ അപമാന ശ്രമങ്ങളെ കുറിച്ചുള്ള #metoo കാമ്പയിന്‍ ഫേയ്‌സ്ബുക്കില്‍ വീണ്ടും വ്യാപകമായി. ബസുകളില്‍ തുടങ്ങി ഉത്സവ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ സ്ത്രീകളുടെ ശരീര ഭാഗങ്ങളിലേക്ക് നീണ്ടു വരുന്ന പുരുഷന്മാരുടെ കൈകളെ കുറിച്ചാണ് തുറന്നു പറച്ചിലുകള്‍.

ഏഴു വയസു മാത്രമുള്ളപ്പോള്‍ അയല്‍വാസിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബസില്‍ പോകവേ ഉണ്ടായ ദുരനുഭവമാണ് മാധ്യമ പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ സുനിത ദേവദാസ് തുറന്നു പറയുന്നത്. സമൂഹത്തിന്റെ കണ്ണുതുറക്കാന്‍ പ്രേരിപ്പിക്കുന്ന സുനിതയുടെ ഫേസ് ബുക്ക് കുറിപ്പ് വായിക്കുക ..

 

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടുത്തുള്ള ................... ഏട്ടന്റെ വിവാഹം ഉണ്ടായത് . സുൽത്താൻ ബത്തേരിയിലുള്ള അമ്പലത്തിലാണ് താലികെട്ട് . ഒരു ബസ്സിൽ ജനങ്ങളെ കുത്തിനിറച്ചു കല്യാണ പാർട്ടി അമ്പലത്തിലേക്ക് . ഞാനുമുണ്ടായിരുന്നു ആ ബസിൽ . ഏഴു വയസ്സ് മാത്രം പ്രായമുള്ള ഞാൻ . അന്നാണ് ആൾക്കൂട്ടത്തിന്റെ തോണ്ടലും പിച്ചലും മാന്തലും എന്തെന്ന് ജീവിതത്തിൽ ആദ്യമായി അറിഞ്ഞത് .

സഹിക്കാൻ പോലും പറ്റാത്തതായിരുന്നെങ്കിലും എന്താന്ന് പോലും മനസ്സിലായില്ല എന്നതാണ് സത്യം . ബസിലെ തിരക്കായി മാത്രമേ മനസ്സിലായുള്ളു . അതൊരു ഭീകരാനുഭവമായതുകൊണ്ടാണ് ഇപ്പോഴും മറക്കാൻ കഴിയാത്തത് . ഓർക്കുമ്പോൾ ഓർമകളിൽ ചോര പൊടിയുന്നത് .

എന്നിട്ടും ഇത്രയും വര്ഷം വേണ്ടി വന്നു എനിക്കത് തുറന്നു പറയാൻ പോലും ധൈര്യവും അവസരവുമുണ്ടാവാൻ .
.
കുറച്ചു വളർന്നപ്പോഴാണ് എനിക്ക് മനസ്സിലായത് പുറകിൽ നിന്നും എന്റെ കാലിനിടയിലേക്ക് തിരുകി കയറ്റാൻ ശ്രമിച്ച സാധനം എന്തായിരുന്നുവെന്ന് പോലും .
അതാരായിരുന്നു , അല്ലെങ്കിൽ ഒരാൾ മാത്രമായിരുന്നോ എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല . തിരിഞ്ഞു നോക്കാൻ പോലും ഭയമായിരുന്നു .

എന്നാൽ എനിക്കുറപ്പാണ് അത് ചെയ്ത ആൾക്കറിയാം ഞാൻ സുനിതയെ അന്ന് അങ്ങനെ ചെയ്തുവെന്ന് ഇത് വായിക്കുമ്പോൾ ഓർക്കുമെന്നു . കാരണം ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൽ നടന്ന കല്യാണത്തിൽ വീടിനു ചുറ്റുമുള്ളവർ മാത്രമേ പങ്കെടുത്തിരുന്നുള്ളു .

അതിനു ശേഷം ജീവിതത്തിൽ ഇന്നേവരെ ആൾക്കൂട്ടത്തിൽ പോകാൻ ധൈര്യം വന്നിട്ടില്ല . അത്രക്കും ഭയമാണ് ആൾക്കൂട്ടത്തെ ....
എത്ര സമയം കാത്ത് നിൽക്കേണ്ടി വന്നാലും തിരക്കുള്ള ബസ് ഒഴിവാക്കുമായിരുന്നു . ഒരു തിക്കിലും തിരക്കിലും പിച്ചിച്ചീന്തപ്പെടാതെ എന്റെ ശരീരം സംരക്ഷിക്കേണ്ടത് എന്റെ ചുമതലയായി മാറുകയായിരുന്നു ....

ഇത് എന്റെ മാത്രം അനുഭവമല്ലെന്നു എനിക്കറിയാം . എല്ലാ പെണ്ണിന്റെയും ജീവിതമാണ് ... എല്ലാ പെണ്കുഞ്ഞിന്റെയും ജീവിതമാണ് .

പൂരപ്പറമ്പൊന്നും വേണ്ട ആണിന് പെണ്ണിനെ തോണ്ടാൻ .. ആളുകൂടുന്ന , സൗകര്യം കിട്ടുന്ന എവിടെ വച്ചും തോണ്ടേണ്ടവർ തോണ്ടിയിരിക്കും .

മറക്കാനാവാത്ത ഇത്തരം നിരവധി അനുഭവങ്ങൾ നെഞ്ചിൽ തറഞ്ഞു കിടക്കുന്നതു കൊണ്ടാണ് ഇങ്ങനെ കല്ല് പോലുള്ള പെണ്ണായതും ... കരുത്തയായതും ...
സമാന അനുഭവമുള്ളവർ സംസാരിക്കുമ്പോൾ നിശബ്ദയായി അവരെ നെഞ്ചോട് ചേർക്കുന്നതും ...

ആൾക്കൂട്ടത്തിൽ വച്ചും അല്ലാതെയും അപമാനിക്കപ്പെട്ട , അപമാനിക്കപ്പെടുന്ന , പിച്ചിപ്പറിക്കപ്പെടുന്ന എല്ലാ പെണ്ണുങ്ങളുടെയും വേദന എന്റേതും കൂടിയാണ് ....

തൊണ്ടയിൽ തടയുന്ന കണ്ണുനീരോടെയല്ലാതെ ഇതൊന്നും ഓർത്തെടുക്കാനോ വായിക്കാനോ കഴിയില്ല .

(ഹസ്നയുടെ കുറിപ്പ് വായിച്ചപ്പോൾ പറയാൻ തോന്നിയത് . )

Read more topics: sunitha devadas, facebook
English summary
sunitha devadas facebook post over sexual abuse
topbanner

More News from this section

Subscribe by Email