Wednesday January 16th, 2019 - 9:36:am
topbanner

എംഎല്‍എയും സബ്കളക്ടര്‍ ഭാര്യയും വെട്ടില്‍; കുടുംബ സുഹൃത്തിന് പതിച്ചുനല്‍കിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് മന്ത്രി

NewsDesk
എംഎല്‍എയും സബ്കളക്ടര്‍ ഭാര്യയും വെട്ടില്‍; കുടുംബ സുഹൃത്തിന് പതിച്ചുനല്‍കിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കുടുംബ സുഹൃത്തിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണത്തില്‍ സബ് കളക്ടറും കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വെട്ടില്‍.

സബ് കളക്ടര്‍ പതിച്ചു നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നേരത്തെ സബ് കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത മന്ത്രി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോണ് നിര്‍ദ്ദേശിച്ചിരുന്നു.

2017 ജൂലൈ ഒമ്പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് എംഎല്‍എയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്.

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച റീസര്‍വെ 227-ല്‍പ്പെട്ട 11 ആര്‍ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു.

വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഇക്കാര്യത്തെക്കുറിച്ച് അന്ന് പത്ര-ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതല സ്വാധീനത്താല്‍ പിന്നീട് ആര്‍ ഡി ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും.

ഫെബ്രുവരി 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമികയ്യേറ്റക്കാരന് മൂന്നുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്. മാത്രമല്ല, അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അത് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അന്‍പതിനായിരം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. എന്നാല്‍ അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഭൂമി വിട്ടുനല്‍കി ഏകപക്ഷീയമായി സബ് കളക്ടര്‍ ഉത്തരവിടുകയായിരുന്നു.

English summary
T'puram sub-collector Divya S Iyer cancels land takeover by tehsildar, triggers row
topbanner

More News from this section

Subscribe by Email