തിരുവനന്തപുരം: ആര്.സി.സിയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍. പ്രശ്നപരിഹാരത്തിന് രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം കൂടുതല്‍ ജാഗ്രത പാലിക്കുകയും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ബോധവല്കരണ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാധ്യമ വിചാരണയിലൂടെ എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ധാര്‍ഷ്ട്യം ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയിലിരിക്കെ എച്ച്.ഐ.വി ബാധിച്ചുവെന്ന് സംശയിക്കപ്പെടുന്ന രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആര്.സി.സിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ പറഞ്ഞു. വിന്‍ഡോ പീരിഡില്‍ എച്ച്.ഐ.വി അണുബാധ കണ്ടെത്താന്‍ കഴിയാത്തത് ആര്.സി.സിയുടെ പിഴവല്ല. ശാസ്ത്രത്തിന്റെ പരിമിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടേയും ദേശീയ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റേയും നിര്‍ദ്ദേശ പ്രകാരമുള്ള എച്ച്.ഐ.വി പരിശോധനയാണ് ആര്.സി.സിയില്‍ നടക്കുന്നത്. വിന്‍ഡോ പീരിഡിലുള്ള എച്ച്.ഐ.വി അണുബാധ ഈ പരിശോധനയില്‍ കണ്ടെത്താനാകില്ല. ഇത് ആര്.സി.സി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പോള്‍ സെബാസ്റ്റിയന് പറഞ്ഞു.
ലക്ഷക്കണക്കിന് രോഗികളുടെ അഭയവും ആശ്വാസവുമായ ഈ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അപവാദ പ്രചരണം നടത്തുന്നത് രോഗികളുടെ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും തകര്‍ക്കും. അത് തല്‍പ്പര കക്ഷികളുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും പോള്‍ സെബാസ്റ്റിയന് കൂട്ടിച്ചേര്‍ത്തു.