Friday September 21st, 2018 - 2:41:am
topbanner
Breaking News

സംസ്ഥാന ക്ഷീര കർഷക സംഗമം 15 മുതൽ വടകരയിൽ

Neethu
സംസ്ഥാന ക്ഷീര കർഷക സംഗമം 15 മുതൽ വടകരയിൽ

കോഴിക്കോട്: സംസ്ഥാന ക്ഷീര കർഷക സംഗമവും ഡയറി എക്സ്പോയും ഫെബ്രുവരി 15 മുതൽ 17 വരെ വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ,പ്രതിപക്ഷനേതാവ്, എം.എൽ.എമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ മേഖലാ യൂണിറ്റുകൾ, മൃഗസംരക്ഷണ വകുപ്പ്, കെ.എൽ.ഡി ബോർഡ്, കേരള ഫീഡ്സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

കേരള ഡയറി എക്സ്പോ, ക്ഷീര കർഷക പാർലമെൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടേയും ശിൽപശാല, വനിതാ സഹകാരികളുടെ ശിൽപശാല, ക്ഷീര കർഷക പ്രതിനിധി സമ്മേളനം, ക്ഷീരസംഘം ജീവനക്കാരുടെ ശിൽപശാല, ടെക്നിക്കൽ സെഷൻ, നാടൻ പശുക്കളുടെ പ്രദർശനം, കന്നുകാലി പ്രദർശന മത്സരം, വെറ്ററിനറി ക്യാമ്പ്, മുഖാമുഖം, ക്ഷേമനിധി അദാലത്ത്, ക്ഷീരോൽപന്ന നിർമാണ പരിശീലനവും പ്രദർശനവും, സൗജന്യ നേത്ര-ക്യാൻസർ പരിശോധനാ ക്യാമ്പുകൾ, സാംസ്കാരിക-കലാ സായാഹ്നങ്ങൾ തുടങ്ങിയവ ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

15ന് രാവിലെ ഒൻപതിന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഡയറി എക്സ്പോയും എം.കെ. രാഘവൻ എം.പി ക്ഷീരകർഷക ക്ഷേമനിധി അദാലത്തും ഉദ്ഘാടനവും ചെയ്യും. 15ന് മാധ്യമ സെമിനാർ രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. അന്നുച്ചയ്ക്ക് രണ്ടിന് വനിതാ സഹകാരികളുടെ ശിൽപശാല ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് സാംസ്കാരിക സായാഹ്നം സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.

16ന് രാവിലെ എട്ടിന് ക്ഷീരകർഷക പാർലമെൻറ് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. മേഖലാ ക്ഷീര സഹകാരി അവാർഡ് ദാനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

രാവിലെ 10ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടേയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടേയും ശിൽപശാല സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ടെക്നിക്കൽ സെഷൻ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

17ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനവും മാധ്യമ അവാർഡ് ദാനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. ക്ഷീര സഹകാരി അവാർഡുകൾ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ വിതരണം ചെയ്യും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ സി.കെ. നാണു എം.എൽ.എ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, ജോയൻറ് ഡയറക്ടർ (പ്ലാനിംഗ്) എെസക് കെ. തയ്യിൽ എന്നിവർ പങ്കെടുത്തു.

 

English summary
state cuttle farmers meeting
topbanner

More News from this section

Subscribe by Email