Wednesday July 17th, 2019 - 8:25:pm
topbanner
topbanner

കോളജ് വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേക സംഘം, അപേക്ഷയുമായി സഹോദരനും സഹോദരിയും

Jikku Joseph
കോളജ് വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേക സംഘം, അപേക്ഷയുമായി സഹോദരനും സഹോദരിയും

തിരുവനന്തപുരം: കാഞ്ഞിരപ്പളളിയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ സംഘമാണ് അന്വേഷണം നടത്തുക.

ജെസ്‌നയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചത്.

പിതൃസഹോദരിയുടെ മുക്കൂട്ടുതറയിലെ വീട്ടിലേക്കു പോയ ജെസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22-നാണ് കാണാതായത്. ജെസ്‌നയെ കാണാതായിട്ട് നാല്‍പ്പത്തിയഞ്ച് ദിവസമായെന്നും തന്റെ പെങ്ങള്‍ ഒളിച്ചോടിയതാണെന്നു കരുതുന്നില്ലെന്നും സഹോദരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മമ്മി മരിച്ചിട്ട് എട്ടുമാസമായി. ജെസ്‌നയെ കാണാതാകുന്ന അന്ന് താനും അവളും ചേര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കിയത്. മറ്റുള്ളവര്‍ അവളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ കൂടി അറിഞ്ഞുവേണം പ്രതികരിക്കാനെന്നും സഹോദരനും സഹോദരിയും ചേര്‍ന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 22-ന് രാവിലെ 9.30 മുതല്‍ ജെസ്‌ന കാണാതാകുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തിലാണു ജെസ്‌നയുടെ സഹോദരനും സഹോദരിയും രംഗത്തെത്തിയിരിക്കുന്നത്.

നാല്‍പ്പത്തിനാലു ദിവസമായിട്ടും ജെസ്‌നയുടെ കാര്യത്തില്‍ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്‌നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്, മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഞങ്ങള്‍ മൂന്നുപേരും ഒരമിച്ചിരുന്നു ഭക്ഷണം കഴിച്ചു പപ്പ ഓഫീസില്‍ പോയി, ശേഷം താന്‍ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. അതിനു മുമ്പ് എനിക്ക് റിസല്‍റ്റ് വന്നു. ബികോം റിസല്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജെസ്‌ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു. നീ പോടാ, അങ്ങനെ തമാശ പറഞ്ഞു. തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോള്‍ അവള്‍ക്കൊരിക്കലും പ്ലാന്‍ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവള്‍ ഒരിക്കലും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താന്‍ കോളജില്‍ പോയി 9.15 ഒക്കെ ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു, ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോകുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നത് അവളുടെ ജൂണിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു.

തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ചു കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണു വിളിച്ചു പറഞ്ഞത്. തലേദിവസം അയല്‍വക്കത്തെ പിള്ളേരോടും പഠിക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്. എരുമേലിയില്‍നിന്നു കയറിയ ഒരു ബസില്‍ ഒറ്റയ്ക്കിരുന്നു പോകുന്നതും സിസിടിവിയില്‍ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവള്‍ എവിടെയെങ്കിലും ട്രാപ്പിലായതാകാം എന്നാണ് സൂചന.

ജസ്‌നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. അവള്‍ക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കില്‍ പറഞ്ഞ പലകാര്യങ്ങളും തിരച്ചെടുക്കാന്‍ പറ്റാത്തതായിരിക്കും. ഞങ്ങളുടെ അവസ്ഥയും മനസിലാക്കണം, ഞങ്ങളുടെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്, പോലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ അതു പോലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു.

മിസിംഗ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജെസ്‌ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്‌സ്ആപ്പില്‍ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്, എന്നാല്‍ അതവളുടെ ഭാവിയെ തകര്‍ക്കുമെന്നു കരുതി താനാണു വേണ്ടെന്നു പറഞ്ഞത്.

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല, അവള്‍ കൂടി പോയി കഴിഞ്ഞാല്‍ പിന്നെ താങ്ങാന്‍ സാധിക്കില്ല. സ്വന്തം പെങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണ്. നാളെ അവള്‍ക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനുശേഷം കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കൂടെ നില്‍ക്കുന്നതാണ്. അവള്‍ക്കൊരു റിലേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണു താനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്, കാരണം അവള്‍ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളര്‍ത്തുന്ന ആരോപണങ്ങള്‍ ദയവുചെയ്ത് ഉണ്ടാക്കരുതെന്നും ജെയ്‌സും ജെഫീകും വീഡിയോയില്‍ പറഞ്ഞു.

English summary
special investigation team on missing of jesna
topbanner

More News from this section

Subscribe by Email