Monday April 22nd, 2019 - 12:31:am
topbanner
topbanner

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 27നകം; ഉമ്മന്‍ ചാണ്ടി കുടുങ്ങിയേക്കും

NewsDesk
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 27നകം; ഉമ്മന്‍ ചാണ്ടി കുടുങ്ങിയേക്കും

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ സോളാര്‍ കേസില്‍ കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. 2013 ഒക്ടോബര്‍ 28നാണ് റിട്ട. ജഡ്ജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചത്.

കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണകമീഷന്റെ കാലാവധി 27ന് അവസാനിക്കുകയാണ്. വിസ്താരങ്ങളും വാദങ്ങളും തെളിവുശേഖരണവുമെല്ലാം പൂര്‍ത്തിയായി.

2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമ്മീഷന്‍ അടയാളപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമ്മീഷനുമുന്നില്‍ തുടര്‍ച്ചയായ 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു. പിന്നീട് ആറു ദിവസങ്ങളിലായി ഉമ്മന്‍ചാണ്ടിയെ പുനര്‍വിസ്തരിച്ചു. ആകെ 56 മണിക്കൂറാണ് ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. സരിത എസ് നായരെ 16 ദിവസങ്ങളിലായി 66 മണിക്കൂര്‍ വിസ്തരിച്ചു. അന്നത്തെ പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ കമ്മീഷന് മുന്നില്‍ തെളിവ് നല്‍കി.

മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, ജോസ് കെ മാണി എംപി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ എസ് ബാലസുബ്രഹ്മണ്യം, എഡിജിപി എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍ എന്നിവരെയും വിസ്തരിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്നത് കമ്മീഷന്‍ അന്വേഷിച്ച ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 2013 ജൂണ്‍ രണ്ടിന് രാത്രി സരിത അറസ്റ്റ്‌ചെയ്യപ്പെടും മുമ്പും ശേഷവും തുടര്‍ന്നും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമ്മീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു.

കെഎസ്ഇബിഇഎ വാര്‍ഷികയോഗത്തില്‍ സരിതയും മുന്‍മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോ പകര്‍പ്പ്, സരിത, തമ്പാനൂര്‍ രവി, ബെന്നി ബെഹ്നാന്‍, സലിംരാജ്, വാസുദേവ ശര്‍മ എന്നിവര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ മൊഴി എന്നിവയും പ്രധാന തെളിവുകളാണ്.

ഇതിനിടെ കമ്മീഷനെ ആക്ഷേപിച്ചതിന് ഷിബു ബേബി ജോണും പി പി തങ്കച്ചനും നിയമനടപടി നേരിട്ടു. പിന്നീട് മാപ്പുപറഞ്ഞാണ് ഇരുവരും തടിയൂരിയത്. ആദ്യഘട്ടത്തില്‍ നിരവധി തെളിവുകളുണ്ടെന്നു പറഞ്ഞ് കമീഷനില്‍ കക്ഷിചേര്‍ന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍, ബെന്നി ബെഹ്നാനും കെ ബാബുവും മാനനഷ്ടക്കേസ് കൊടുക്കുമെന്നു പറഞ്ഞതോടെ തെളിവു നല്‍കാതിരുന്നതും വിമര്‍ശത്തിനിടയാക്കി.

Read more topics: solar, commission, report
English summary
solar commission report likely to submit soon
topbanner

More News from this section

Subscribe by Email