Saturday April 20th, 2019 - 12:11:pm
topbanner
topbanner

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ യുഡിഎഫിന് കുരുക്കായേക്കും

NewsDesk
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ യുഡിഎഫിന് കുരുക്കായേക്കും

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പുകേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ചങ്കിടിക്കുന്നത് യുഡിഎഫിന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം മന്ത്രിമാരും എംഎല്‍എമാരും കേസില്‍ ആരോപണ വിധേയരാണ്.

റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് സരിത എസ് നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ ജസ്റ്റിസ് ജി ശിവരാജനും സെക്രട്ടറി പി എസ് ദിവാകരനും നേരിട്ടുകണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജുഡീഷ്യല്‍ കമ്മീഷനുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന അന്വേഷണകമ്മീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് അതിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളര്‍ കേസില്‍ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടു നാലു വര്‍ഷമാകുന്നു. സംഭവത്തില്‍ സംസ്ഥാന ഖജനാവിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. 2013 ഓഗസ്റ്റ് 16 നാണു സോളര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബര്‍ 23 നു ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി തീരുമാനിച്ചു. 28ന് അദ്ദേഹം ചുമതല ഏറ്റു.

ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിപ്പുകാരായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിരവധിപേരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ലഭിച്ച പരാതി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി മാറുന്ന സ്ഥിതിയായി. ഉമ്മന്‍ചാണ്ടി, പേഴ്‌സണല്‍ സ്റ്റാഫ്, ഗണ്‍മാന്‍, യുഡിഎഫ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപി തുടങ്ങിയവരുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായി. എല്‍ഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം ഉള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോയ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 28നാണ് റിട്ട. ജഡജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണകമീഷനായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്.

ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍, പല തവണ കാലാവധി നീട്ടി വാങ്ങിയ കമ്മീഷന്‍ ഇത്തവണ സമയം നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടില്ല.

കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലം ചര്‍ച്ചാ വിഷയമായ കമ്മീഷനിലെ നടപടിക്രമങ്ങള്‍ ഒട്ടും ലളിതമായിരുന്നില്ല. ആയിരക്കണക്കിനു പേജുള്ള സാക്ഷി മൊഴികള്‍ പഠിച്ചു നിഗമനത്തിലെത്താനാണു കമ്മീഷന്‍ പല തവണ കാലാവധി നീട്ടിവാങ്ങിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മീഷന്‍ മുന്‍പാകെ മൊഴി കൊടുത്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ രാവിലെ 11നു തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.50 നാണു സിറ്റിങ് അവസാനിച്ചത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ആറു തവണ കൂടി ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്‍പിലെത്തി. മൊത്തം 56 മണിക്കൂര്‍ മൊഴിയെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ രണ്ടുദിവസങ്ങളിലായി കമ്മീഷനില്‍ ഹാജരായി തെളിവുനല്‍കി. വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രി മാത്യു ടി തോമസ് എന്നിവരടക്കം തെളിവുകള്‍ നല്‍കി.

മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, ജോസ് കെ മാണി എംപി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ്, പൊലീസ് മേധാവിയായിരുന്ന കെ എസ് ബാലസുബ്രഹ്മണ്യം, എഡിജിപി എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍ എന്നീ പ്രമുഖരെ കമ്മീഷന്‍ വിസ്തരിച്ചു.

Read more topics: Solar, Commission, report
English summary
Solar Commission to submit report today
topbanner

More News from this section

Subscribe by Email