Thursday November 15th, 2018 - 8:48:pm
topbanner

തന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് സജി ചെറിയാന്റെ മുന്നേറ്റമെന്ന് ശോഭന ജോര്‍ജ്

Jikku Joseph
തന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് സജി ചെറിയാന്റെ മുന്നേറ്റമെന്ന് ശോഭന ജോര്‍ജ്

ചെങ്ങന്നൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ മുന്നേറ്റം എന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയെന്ന് ശോഭന ജോര്‍ജ്. നേരത്തെ യു.ഡി.എഫിനെതിരെ കടുത്ത ആരോപണവുമായാണ് ശോഭന ജോര്‍ജ് എല്‍.ഡി.എഫില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ശോഭന തുറന്നടിച്ചിരുന്നു.

വോട്ടെണ്ണല്‍ നടക്കുന്ന ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ തന്നെ ശോഭനാ ജോര്‍ജ്ജും എത്തിയിരുന്നു. ചെങ്ങന്നൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നാടിന്റെ വികസനം ഒരു പ്രധാന ഘടകമാണ്. ഈ ഗവണ്‍മെന്റിന് സ്വാധീനമുള്ള ഒരു ജനപ്രതിനിധിയായിരിക്കും ചെങ്ങന്നൂരിന് ഏറ്റവും യോജിച്ചത് എന്ന് ഈ നാട്ടിലെ ജനങ്ങള്‍ മനസ്സിലാക്കി, അതനുസരിച്ച് പ്രവര്‍ത്തിച്ചു. അതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതുകൊണ്ട് തന്നെയാണ് ഇത്തരം വലിയ ഭൂരിപക്ഷത്തിലേക്ക് വരുവാന്‍ സജി ചെറിയാനെ കഴിയുന്നത്. തെരഞ്ഞെടുപ്പാകുമ്പോള്‍ കുപ്രചരണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും. എന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുമ്പോഴാണ്. സജി ചെറിയാന് ആ പിന്തുണ ലഭിച്ചു. ജനങ്ങള്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത് എന്നായിരുന്നു ശോഭനാ ജോര്‍ജ്ജിന്റെ പ്രതികരണം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാനു വേണ്ടി ശോഭനാ ജോര്‍ജ്ജ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിനെതിരെയും ശോഭന രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വളരണമെങ്കില്‍ ആരുടെയെങ്കിലും ഓമനയാവണമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞിരുന്നു.

1991-ലാണ് ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ആദ്യമായി മത്സരിക്കുന്നത്. സിറ്റിങ് എം.എല്‍.എയും മുന്‍ തിരഞ്ഞെടുപ്പില്‍ 15,703 വോട്ടുകളുടെ മികച്ച വിജയം കരസ്ഥമാക്കിയ മാമന്‍ ഐപ്പായിരുന്നു എതിരാളി. ശോഭന ജോര്‍ജ് 40,208 വോട്ടു നേടിയപ്പോള്‍ മാമന്‍ ഐപ്പിന് 36,761 വോട്ടു നേടാനേ കഴിഞ്ഞിരുന്നുള്ളൂ.

1996-ലെ തെരഞ്ഞെടുപ്പിലും മാമന്‍ ഐപ്പിനെ പരാജയപ്പെടുത്തി. 2001-ല്‍ മൂന്നാം തവണ മത്സരത്തിനിറങ്ങിയപ്പോള്‍ സി.പി.ഐ.എമ്മിലെ കെ.കെ രാമചന്ദ്രന്‍നായരായിരുന്നു പ്രധാന എതിരാളി. ശോഭന ജോര്‍ജ് 41,242 വോട്ടുകള്‍ നേടിയപ്പോള്‍ 39,777 വോട്ടുകള്‍ നേടാനേ രാമചന്ദ്രന്‍നായര്‍ക്കായുള്ളൂ.

2006, 2011 വര്‍ഷങ്ങളില്‍ ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ മത്സരിച്ചില്ല. 2006-ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.കരുണാകരനൊപ്പം ഡി.ഐ.സിയിലേക്കു മാറുകയായിരുന്നു. പിന്നീടു കോണ്‍ഗ്രസിലേക്കു മടങ്ങിയെങ്കിലും കാര്യമായ പരിഗണന ശോഭനയ്ക്കു ലഭിച്ചിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭനയെ വിമതയാക്കി നിര്‍ത്തിയതിനു പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

 

English summary
sobhana george responding chengannur by-election ldf leads
topbanner

More News from this section

Subscribe by Email