Wednesday September 19th, 2018 - 4:57:am
topbanner
Breaking News

രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എമ്മിന്റെ സംസ്‌കാരമല്ല; തെറ്റുപറ്റിയാല്‍ തിരുത്തും: സീതാറാം യെച്ചൂരി

Jikku Joseph
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എമ്മിന്റെ സംസ്‌കാരമല്ല; തെറ്റുപറ്റിയാല്‍ തിരുത്തും: സീതാറാം യെച്ചൂരി

തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോഡി മൗനേന്ദ്ര മോദിയായി മാറിയിരിക്കുന്നു. കുംഭകോണങ്ങളില്‍ മോഡി കുറ്റകരമായ മൗനം തുടരുകയാണ്. കോടികള്‍ വായ്പ എടുത്ത് മുങ്ങുന്നവരെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



സി.പി.എം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ട്. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നു. കുംഭകോണങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി മൗനേന്ദ്ര മോഡി ആയി. വിദേശയാത്രകളില്‍ മോഡിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരെന്ന് പറയാന്‍ തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ജി.എസ്.ടിയും നോട്ട് നിരോധനവും ആഗോള കുത്തകകളുടെ താത്പര്യപ്രകാരം നടപ്പിലാക്കിയവയാണ്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാനണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ആസ്തിയില്‍ 73 ശതമാനവും അതി സമ്പന്നരുടെ കൈയിലാണ്. അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്‌നറായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

രാഷ്ട്രീയ ആക്രമണമാണ് ആര്‍.എസ്.എസിന്റെ സ്വഭാവം. ഇന്ത്യയില്‍ ഇതുവരെ നടന്ന വര്‍ഗീയ ആക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ അത് കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ ആക്രമണം സി.പി.എമ്മിന്റെ സംസ്‌കാരമല്ല. ജനാധിപത്യപരമായ ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ച് അതിനു പിന്നില്‍ ജനങ്ങളെ അണിനിരത്തുകയാണ് സി.പി.എമ്മിന്റെ നീക്കം. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എമ്മിന്റെ സംസ്‌കാരമല്ല. തെറ്റുപറ്റിയാല്‍ തിരുത്തും. അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്നും യെച്ചൂരി പറഞ്ഞു.



യു.പി.എ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ മൗന്‍മോഹന്‍ എന്നാണ് അന്ന് നരേന്ദ്ര മോഡി വിളിച്ചിരുന്നത്. ഇന്ന് മോഡി തട്ടിപ്പുകളെ കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. വ്യവസായികള്‍ തട്ടിപ്പു നടത്തി രാജ്യം വിടുകയാണ്. ലളിത് മോഡി, നീരവ് മോഡി, നരേന്ദ്ര മോഡി എന്നിങ്ങനെയുള്ള പേരുകളില്‍ അസാധാരണമായ സാമ്യമുണ്ട്. കര്‍ഷകരുടെ വായ്പ എഴൂതിതള്ളുന്നില്ല. എന്നാല്‍ അതിന്റെ മൂന്നു മടങ്ങ് വായ്പകളാണ് കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ബി.ജെ.പിക്കെതിരായ രാഷ്ട്രീയം ശക്തിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വകാര്യ സേനകള്‍ ഭരണഘടനയുടെ ക്രമം തെറ്റിക്കുകയും പാര്‍ലമെന്ററി സംവിധാനങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ്? രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ത്തു. വര്‍ഗീയ ധ്രീവീകരണം വര്‍ഗ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. രാജ്യവും പാര്‍ട്ടിയും വന്‍ വെല്ലുവിളികളാണ് നേരിടുന്നത്. ഈ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നും യെച്ചൂരി വ്യക്തമാക്കി.

English summary
sitaram yechury on cpm state conference in thrissur
topbanner

More News from this section

Subscribe by Email