Friday November 16th, 2018 - 7:30:am
topbanner

ഭര്‍ത്താവിനെ വാളുകൊണ്ട് ആക്രമിക്കാനെത്തിയ സഹോദരനെ സഹോദരി കുത്തിക്കൊലപ്പെടുത്തി

NewsDesk
ഭര്‍ത്താവിനെ വാളുകൊണ്ട് ആക്രമിക്കാനെത്തിയ സഹോദരനെ സഹോദരി കുത്തിക്കൊലപ്പെടുത്തി

കായംകുളം: കടം കൊടുത്ത പണം തിരികെ നല്‍കാത്തതു സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ സഹോദരനെ സഹോദരി കുത്തിക്കൊലപ്പെടുത്തി. തെക്കേ മങ്കുഴി പാക്ക്കണ്ടത്തില്‍ അജീഷിനെ (28) കൊലപ്പെടുത്തിയ കേസില്‍ പുള്ളിക്കണക്ക് ശ്രേയാ ഭവനില്‍ പ്രശാന്തിന്റെ ഭാര്യ അഞ്ജുവി(24)നെ പോലീസ് അറസ്റ്റ് ചെയ്തു.

അജീഷുമായി അടുപ്പമുള്ള യുവതിക്കു വീടുപണിക്കായി പണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്നര വര്‍ഷം മുന്‍പ് അഞ്ജു ഒന്നര ലക്ഷം രൂപ അജീഷിന്റെ സുഹൃത്തായ യുവതിക്ക് കടം കൊടുത്തിരുന്നു.

പലതവണ ചോദിച്ചിട്ടും യുവതി പണം തിരികെ നല്‍കിയില്ല. വിദേശത്തു ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുന്‍പു നാട്ടിലെത്തിയപ്പോള്‍ പണം തിരികെ നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി.

ഇതേതുടര്‍ന്ന്, പ്രശാന്ത് നിരന്തരം ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാനായി അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തി.

ഇവിടെവച്ച് അജീഷും പ്രശാന്തുമായി വാക്കുതര്‍ക്കമുണ്ടായി. ഭീഷണി മുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിന്റെ ബൈക്കില്‍ വീണ്ടുമെത്തുകയായിരുന്നു. അജീഷ് വരുന്നതു കണ്ടു ഭര്‍ത്താവിനെ മുറിക്കുള്ളിലാക്കി അഞ്ജു വാതിലില്‍ തടസ്സം നിന്നു.

വടിവാളുമായി എത്തിയ അജീഷ് അഞ്ജുവിനെ മര്‍ദ്ദിച്ചശേഷം അകത്തേക്ക് പോകാനായി തുനിഞ്ഞു. ഇതിനിടെ ഭര്‍ത്താവ് വിദേശത്തു നിന്നു കൊണ്ടുവന്ന കറിക്കത്തി എടുത്ത് അഞ്ജു അജീഷിന്റെ പുറത്തു കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മുറിവേറ്റ അഞ്ജുവും പ്രശാന്തും പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് പിന്നീട് കായംകുളം താലൂക്കാശുപത്രിയില്‍ നിന്ന് അഞ്ജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മരിച്ച അജീഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഹരിപ്പാട് സിഐ മനോജാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. മോഹനന്റെയും വല്‍സലയുടെയും മകനാണ് അജീഷ്.

Read more topics: sister, brother, kayamkulam
English summary
sister kills brother in kayamkulam
topbanner

More News from this section

Subscribe by Email