Wednesday May 23rd, 2018 - 8:37:pm
topbanner

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടു : സർക്കാരിന് കനത്ത തിരിച്ചടി

NewsDesk
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടു : സർക്കാരിന് കനത്ത തിരിച്ചടി

കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്.

ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ കേസിലുള്ള പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയുധങ്ങള്‍ കണ്ടെത്തിയെന്നു പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും കോടതി പറഞ്ഞു.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു നിലപാടെടുത്ത ദിവസം തന്നെയാണു ഹൈക്കോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയം. നിലവിലെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു വ്യക്തമാക്കി. കേസിനു പിന്നിലുള്ളവർ തുടർച്ചയായി കൈകഴുകുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗൂഢാലോചന പുറത്തുവരാറില്ലെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.

ഷുഹൈബ് വധക്കേസ് സിബിഐയ്ക്കു വിടേണ്ടതില്ലെന്ന സർക്കാർ വാദത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. അന്വേഷണം സിബിഐയ്ക്കു വിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. മുൻപും താൻ ചില കേസുകൾ സിബിഐയ്ക്കു കൈമാറിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള എതിർപ്പാണ് ഈ കേസിൽ സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിർദ്ദേശിച്ചാൽ ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Read more topics: kannur, shuhaib murder, cbi,
English summary
shuhaib murder cbi inquiry

More News from this section

Subscribe by Email