Tuesday September 18th, 2018 - 7:12:pm
topbanner
Breaking News

ഷുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; വെട്ടിയത് രാഷ്ട്രീയ വൈരാഗ്യത്താല്‍

Jikku Joseph
ഷുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; വെട്ടിയത് രാഷ്ട്രീയ വൈരാഗ്യത്താല്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 386 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

എടയന്നൂരിലുണ്ടായ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം, ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പുതിയ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ എ.വി ജോണ്‍ കോടതിയെ അറിയിച്ചു.

ഫെബ്രുവരി 12-ന് രാത്രി പത്തരയോടയാണ് ഷുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ ഇതുവരെ 11 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെല്ലാം സി.പി.ഐ.എം പ്രവര്‍ത്തകരാണ്.

തില്ലങ്കേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി, രജില്‍ രാജ്, ജിതിന്‍, ദീപ്ചന്ദ്, അഖില്‍, അന്‍വര്‍ സാദത്ത്, സഞ്ജയ്, രജത്ത്, സംഗീത്, കെ.ബൈജു, അസ്‌കര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാര്‍ച്ച് ഏഴിന് കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ മാര്‍ച്ച് 14-ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് വേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ഷുഹൈബിന്റെ പിതാവ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജൂലായിലേക്ക് കേസ് മാറ്റിവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയ സുപ്രീം കോടതിയ്ക്ക് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി സമര്‍പ്പിച്ചിട്ടുമുണ്ട്. കേസിലെ ഒന്‍പതാം പ്രതിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

English summary
shuhaib murder case police filed a charge sheet
topbanner

More News from this section

Subscribe by Email