പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ തമിഴ് നാടോടികളായ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പിറക് വശത്തെ കെ.ആര്.എസ് ഗോഡൗണിന് സമീപത്തെ ക്വാട്ടേര്‍സില്‍ താമസിക്കുന്ന പി.ടി ബേബിരാജി(27)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വോഡ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ 3.45 ഓടെ കസ്റ്റഡിയിലെടുത്തത്.
പുലര്‍ച്ചെ 4.50 ഓടെ പയ്യന്നൂരിലെത്തിച്ച പ്രതി ബേബിരാജിനെ സ്റ്റേഷന് എസ്.എച്ച്.ഒ എം.പി ആസാദ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേയക്ക് റിമാന്റ് ചെയ്തു. മെയ് 9ന് പുലര്‍ച്ചെ 1.15 ഓടെയാണ് ബാലികയെ പ്രതിയായ പി.ടി ബേബിരാജ് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ബാലികയുടെ മാതാപിതാക്കളും മറ്റ് നാടോടികളും ചേര്‍ന്നാണ് കുട്ടിയെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പീഡന ശ്രമം നടന്നത് പുറത്ത് പറയാതിരിക്കാനും പൊലീസില്‍ പരാതി പറയാതിരിക്കാനും പയ്യന്നൂരിലെ അഭിഭാഷകന് മുഖേന 50,000 രൂപയുടെ ചെക്ക് ബാലികയുടെ പിതാവിന് കൈമാറിയിരുന്നു. എന്നാല്‍ ബാലികയുടെ മാതാപിതാക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമ പ്രകാരം കേസ്സെടുക്കുകയായിരുന്നു. പീഡന ശ്രമം മാധ്യമങ്ങളില്‍വന്നതോടെ പ്രതിയായ ബേബിരാജ് നാടുവിടുകയായിരുന്നു.സേലത്തെത്തിയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു.
മാതാവിനെയും സോഹദരനെയും ഫോണിലൂടെ ബന്ധപ്പെട്ട പ്രതി കണ്ണൂരില്‍ ട്രെയിനിറങ്ങി വരുമ്പോഴാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റഷനില്‍ നിന്നും പിടികൂടിയത്. കൂടാതെ അഭിഭാഷകനടക്കം മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. സുരക്ഷയെ മുന്‍ നിര്‍ത്തി പീഡന ശ്രമത്തിനിരയായ ബാലികയേയും സഹോദരിയേയും കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു.