Friday April 19th, 2019 - 10:04:pm
topbanner
topbanner

ആ തസ്‌ക്കര വീരന്‍ ഒടുവില്‍ പിടിയില്‍; തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി

NewsDesk
ആ തസ്‌ക്കര വീരന്‍ ഒടുവില്‍ പിടിയില്‍; തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി

തളിപ്പറമ്പ്: ഒട്ടേറെ പേരില്‍നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ തളിപ്പറമ്പ് പോലീസ് തന്ത്രപരമായി പിടികൂടി. സൗഹൃദം നടിച്ച് വയോധികരേയും സ്ത്രീകളേയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്വര്‍ണ്ണാഭരണങ്ങളും പണവും വാങ്ങിയശേഷം മുങ്ങുന്ന വിരുതനാണ് പിടിയിലായത്.

കാസര്‍ഗോഡ് ഉപ്പളയിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുസ്തഫ(45)നെയാണ് രണ്ട് ദിവസം മുമ്പ് ഉപ്പളയിലെ ഒളിത്താവളത്തില്‍ വെച്ച് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുളള തളിപ്പറമ്പ് പൊലിസ് പിടികൂടിയത്.

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ ലോഡ്ജുകളില്‍ താമസിച്ച് ഇരകളെ നിരീക്ഷിച്ച് വാക്സാമര്‍ത്ഥ്യം കൊണ്ട് തട്ടിപ്പിനിരയാക്കി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വ്ാഡും, ഷാഡോപോലീസും, കണ്ണൂര്‍ ടൗണ്‍ പൊലിസും എസ്.ഐ ബിനുമോഹന്റെയും നേതൃത്വത്തിലുള്ള തളിപ്പറമ്പ് പൊലിസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലിസിനേയും പൊതുജനങ്ങളേയും വട്ടംകറക്കി കബളിപ്പിച്ച് മാസങ്ങളോളം പിടികൊടുക്കാതെ പ്രതി പിടിയിലായത്.

എസ്.ഐ ബിനുമോഹന്റെ നിര്‍ദ്ദേശ പ്രകാരം ഇയാളെ കണ്ടെത്തുന്നതിന് ട്രോളുകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി നടത്തിയ വ്യാപക പ്രചരണം നടത്തിയിരുന്നു. ഒരു പ്രതിയെ പിടികൂടുന്നതിന് കേരളാ പൊലിസ് ഇത്തരത്തില്‍ ആദ്യമായി നടത്തിയ പ്രചരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ മാത്തില്‍ വടശേരിയിലെ അബ്ദുള്ളയുടെ ഭാര്യ ഷെറീഫ(54)യില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഒന്നരപവന്‍ സ്വര്‍ണ്ണമാലയും, എസ്ബിടിയില്‍ മകള്‍ക്ക് ഉയര്‍ന്ന ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട.അധ്യാപിക മടിക്കുന്നുമ്മല്‍ ലീലക്കുട്ടി ടീച്ചറുടെ കയ്യില്‍ നിന്ന് നാലരപവന്‍ സ്വര്‍ണ്ണമാലയും, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പയ്യന്നൂര്‍ കൊക്കാനിശേരി മടത്തുംപടിയിലെ പത്മനാഭന്‍ നായരുടെ(84) കയ്യില്‍ നിന്ന് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്തുവെച്ച് 10,000 രൂപയും ഇയാള്‍ കവര്‍ന്നിരുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വെച്ച് പട്ടുവം അരിയിലെ ചേരക്കണ്ടി യശോദ എന്ന എണ്‍പതുകാരിയെ ധനസഹായം വാങ്ങിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണമാല വാങ്ങിയതിന് ശേഷം ഓട്ടോയില്‍ കയറ്റി തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിന് സമീപം ഇറക്കിവിടുകയായിരുന്നു.

ഏപ്രില്‍ 26 ന് രാവിലെ ഒന്‍പതിന് ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയ ചെങ്ങളിലെ പോള നാരായണിയുടെ രണ്ടരപവന്‍ സ്വര്‍ണ്ണമാലയും ഇയാള്‍ കൈക്കലാക്കിയിരുന്നു. പിടിയിലായ പ്രതിയെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ ഇവിടെവെച്ചും ചോദ്യം ചെയ്തുവരികയാണ്.

കൂടുതല്‍ കേസുകള്‍ തളിപ്പറമ്പിലും പഴയങ്ങാടിയിലുമാണുളളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനായ ഇയാള്‍ നൂറുകണക്കിനാളുകളെ കബളിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ജാബിര്‍, റോഹിത്ത്, റൗഫ് എന്നീ പോലീസുകാരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നതായി കണ്ണൂര്‍ പോലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. അന്വേഷണ സംഘത്തിന് 5,000 രൂപവീതം കാഷ് അവാര്‍ഡും എസ്പി വിതരണം ചെയ്തു.

 

English summary
Accused serial robber arrested by taliparamba Police
topbanner

More News from this section

Subscribe by Email