Tuesday April 24th, 2018 - 6:10:pm
topbanner

സ്വര്‍ണം കവര്‍ന്ന സീരിയല്‍ നടി മുഖ്യമന്ത്രിയുടെ സുഹൃത്തിന്റെ വീട്ടിലും ജോലി ചെയ്തു

NewsDesk
സ്വര്‍ണം കവര്‍ന്ന സീരിയല്‍ നടി മുഖ്യമന്ത്രിയുടെ സുഹൃത്തിന്റെ വീട്ടിലും ജോലി ചെയ്തു

തലശ്ശേരി: ബെംഗളുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ സീരിയല്‍ താരം തനൂജ മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ ധര്‍മടം ചിറക്കുനിയിലെ രൈരുനായരുടെ വീട്ടിലും ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.

സുമതി എന്ന പേരിലാണ് ഇവര്‍ രണ്ടുവര്‍ഷം ജോലി ചെയ്തത്. കോഴിക്കോട് തിക്കോടിയിലുള്ള സുഹൃത്ത് വഴിയാണ് രൈരുനായരുടെ വീട്ടില്‍ തനൂജ എത്തുന്നത്. ഈ സമയത്ത് മറ്റൊരു ജോലിക്കാരിയും വീട്ടിലുണ്ടായിരുന്നു.

സുമതി എന്ന പേരില്‍ ധര്‍മടത്തെ സഹകരണ ബാങ്കില്‍ ഇവര്‍ അക്കൗണ്ടും ആരംഭിച്ചിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇവര്‍ സ്ഥിരമായി തലശേരി ടൗണിലേക്ക് പോയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തനൂജയുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തനിക്ക് മൊബൈല്‍ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തനൂജ ജോലി ഉപേക്ഷിച്ചുപോവുകയായിരുന്നു.

ഇവര്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഒരു മൊബൈല്‍ ഫോണും രൈരുനായരുടെയും ഭാര്യയുടെയും പാസ്‌പോര്‍ട്ടുകള്‍ അടങ്ങിയ വിലകൂടിയ ട്രാവല്‍ ബാഗും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍, ഇവ തനൂജയാണോ കവര്‍ന്നതെന്ന് വ്യക്തമല്ലെന്നും അതുകൊണ്ട് അത്തരമൊരു പരാതിയില്ലെന്നും രൈരുനായര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന രൈരുനായര്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

ബെംഗളുരുവില്‍ നിന്ന് കവര്‍ന്ന തൊണ്ടിമുതലുകള്‍ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി തലശേരിയിലെ സഹകരണ ബാങ്കില്‍ എത്തിച്ചപ്പോഴാണ് രൈരുനായരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാര്യം തനൂജ പോലീസിനോട് പറഞ്ഞത്.

ബെംഗളൂരു കനക്പുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് 35 പവന്‍ സ്വര്‍ണാഭരണം തനൂജ മോഷ്ടിച്ചത്. മലയാളത്തിലെ ഏതാനും സീരിയലുകളില്‍ മുഖംകാണിച്ചിട്ടുള്ള തനൂജ ഓഗസ്തിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടക ആരോഗ്യവകുപ്പിലെ ജീവനക്കാരിയുമായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്.

കവര്‍ച്ചമുതലും അരലക്ഷംരൂപയും തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ബാങ്കുകളില്‍നിന്നും ടെമ്പിള്‍ഗേറ്റിലെ താമസസ്ഥലത്തുനിന്നുമായി പൊലീസ് കണ്ടെടുത്തു.

ഒരുമാസംകൊണ്ട് വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്തംബര്‍ 28 മുതല്‍ കാണാതായി. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. തലകട്ടപുര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

English summary
serial actress arrested for gold theft in bangalore

More News from this section

Subscribe by Email