കിളിമാനൂര്‍: മടവൂരില്‍ ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ആസൂത്രണം നടന്നത് ബെംഗളുരുവില്വെച്ചാണെന്ന് പോലീസ്.
സംഭവത്തില്‍ കൊല്ലം ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോര്‍ട്ടില്‍ എ.യാസീന്‍ (23) അറസ്റ്റിലായി. ക്വട്ടേഷന്‍ സംഘത്തിനു താമസം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്.
ബിടെക് ബിരുദധാരിയായ യാസീന്‍ കൊലപാതകത്തിനു മുമ്പു പ്രതികളുമായി ബെംഗളുരുവില്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നും പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ ഒരു എഞ്ചിനീയറിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നാട്ടില്‍ കഴിയുകയായിരുന്ന യാസീനെ കേസിലെ മുഖ്യ സൂത്രധാരനായ അലിഭായിയാണു വിളിച്ചുവരുത്തിയത്.
യാസീന്‍ ബെംഗളൂരുവിലെത്തി പ്രതികള്‍ക്കു ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പാടാക്കി. പ്രധാന പ്രതിക്കു പണമിടപാടു നടത്താന്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡും ബാങ്ക് അക്കൗണ്ട് നമ്പറും നല്കി.
കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണിയെ കൊലപാതകത്തിനുശേഷം ചെന്നൈയില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. കൊലയ്ക്കുശേഷം ബെംഗളുരുവിലെത്തിയ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ യാസീനെ ഏല്പിച്ചു. അവിടെനിന്നു കാര്‍ അടൂരിനു സമീപം ക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ചതു യാസീനായിരുന്നു. കൊലപാതകത്തിനു മുമ്പ് അലിഭായി അടക്കമുള്ള പ്രതികള്‍ ആദ്യം എത്തിയതു ബെംഗളൂരുവിലാണ്.
കേസുമായി ബന്ധപ്പെട്ട് അഞ്ചോളം പേര് പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന. മുഖ്യ പ്രതി മാത്രം ഖത്തറില്‍ മടങ്ങിയെത്തിയെന്നാണു പൊലീസ് ഉറപ്പിക്കുന്നത്. രാജ്യത്തിനകത്തുതന്നെയുള്ള ബാക്കി പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി: പി.അനില്‍കുമാര്‍, കിളിമാനൂര്‍ ഐഎസ്എച്ച്ഒ: വി.എസ്.പ്രദീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.