topbanner
Sunday May 28th, 2017 - 11:51:pm
topbanner

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് നടന്‍ ജയറാം സാക്ഷി

rajani
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് നടന്‍ ജയറാം സാക്ഷി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഏപ്രില്‍ പത്തിന് ഉച്ചപൂജ സമയത്ത് സ്ത്രീകള്‍ സന്നിധാനത്തു പ്രവേശിച്ച് അയ്യപ്പദര്‍ശനം നടത്തുന്നതിന്റെ ചിത്രമാണ് ഇന്നലെ പ്രചരിച്ചത്. ഇതേ സ്ത്രീകള്‍ അന്നേദിവസം സന്ധ്യക്കു നടന്ന പടിപൂജ ചടങ്ങിലും പങ്കെടുക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. പടിപൂജ ദര്‍ശിക്കുന്നതിനായി സ്ത്രീകള്‍ ഇരിക്കുന്നതിന്റെ സമീപം നടന്‍ ജയറാം നില്‍ക്കുന്നതാണ് പുറത്തുവന്നതില്‍ മറ്റൊരു ചിത്രം.

അതേസമയം ശബരിമലയില്‍ സ്ഥിരസാനിധ്യമായ സുനില്‍സ്വാമിയുടെയും സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളാണ് ദര്‍ശനം നടത്തിയ സ്ത്രീകളെന്നാണ് സൂചന. സുനിലിന്റെ അതിഥികളായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ അന്നേദിവസം വിവിധ പൂജകളിലും പങ്കെടുത്തിരുന്നു. നടന്‍ ജയറാമും മുഴുവന്‍ സമയം ഇവരോടൊപ്പം ഉണ്ടായിരുന്നു.

ശബരിമല സന്നിധാനത്തേയും ക്ഷേത്രപരിസരത്തെയും സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശബരിമല സന്നിധാനത്തും പരിസരത്തും കറങ്ങി നടന്ന ചില സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയ സന്നിധാനം പൊലീസ് ഇവരെ തടഞ്ഞെങ്കിലും പ്രായം അമ്പതിനു മുകളിലാണെന്നു തെളിയിക്കുന്ന രേഖകള്‍ ഇവര്‍ ഹാജരാക്കിയെന്നാണ് വിശദീകരണം.

പത്തോളം വരുന്ന സ്ത്രീകളുടെ സംഘമാണ് അന്നേദിവസം ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഈ സ്ത്രീകള്‍ ദര്‍ശനം നടത്തുന്ന സമയത്ത് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം ഗാര്‍ഡുമാര്‍ എന്നിവരും ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

അതിനിടെ അന്നേദിവസം ഉച്ചപൂജ സമയത്ത് ശബരിമല സോപാനത്തിനുള്ളില്‍ കയറി സോപാന സംഗീതം പാടാന്‍ നിന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്റെ കൈയ്യില്‍നിന്നും നടന്‍ ജയറാം ഇടയ്ക്ക വാങ്ങി കൊട്ടിപ്പാടിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൂജാസമയത്ത് ഇത്തരത്തില്‍ ചെയ്ത പ്രവൃത്തി ആചാര ലംഘനമാണെന്നായിരുന്നു തന്ത്രിമാരടക്കമുള്ളവര്‍ നടത്തിയ വിമര്‍ശനം.

സ്ത്രീകളും പുരുഷന്‍മാരും പ്രാര്‍ഥനാനിര്‍ഭരമായി കൈകൂപ്പി നില്‍ക്കുന്ന ചിത്രം ശബരിമല സന്നിധാനം അല്ല എന്നായിരുന്നു ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വിശദീകരണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നു തെളിവുകള്‍ വ്യക്തമാക്കുന്നു.

മറ്റേതോ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രാര്‍ഥിച്ചുനില്‍ക്കുന്ന ചിത്രം ശബരിമലയുടേതായി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇതേ വാദമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ച ഭൂരിഭാഗം പേരും ഉയര്‍ത്തിയത്. എന്നാല്‍ സ്ത്രീകള്‍ പ്രാര്‍ഥിച്ചുനില്‍ക്കുന്ന ക്ഷേത്രം ശബരിമലയാണെന്നു ഈ ചിത്രത്തിന്റെ തുടര്‍ച്ചയായി പുറത്തുവന്ന മറ്റുചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

 

 

 

 

 

 

English summary
sabarimala women entire contraversy
topbanner topbanner

More News from this section

Subscribe by Email