topbanner
Thursday October 19th, 2017 - 4:21:pm
topbanner

ശബരിമല സ്ത്രീ പ്രവേശന വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടു

NewsDesk
ശബരിമല സ്ത്രീ പ്രവേശന വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടു

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക.

സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു തീരുമാനമെടുത്തത്.

പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച പ്രധാന വാദം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നതിനാല്‍ കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്നതു പരിഗണിക്കുമെന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനും ജൂലൈ 11നും കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നെങ്കില്‍തന്നെ വിശദമായ വിധിന്യായമെഴുതിയാവും അതു ചെയ്യുകയെന്നും ജൂലൈയില്‍ കോടതി പറഞ്ഞിരുന്നു.

പ്രവേശനത്തെ അനുകൂലിച്ച് 2007-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് പിന്നീട് അവര്‍തന്നെ ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ്. അധികാരത്തിലെത്തിയപ്പോള്‍ 2007-ലെ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. സര്‍ക്കാരുകള്‍ക്ക് ഇങ്ങനെ നിലപാട് മാറ്റാനാവില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

Read more topics: Woman, Kerala, Sabarimala, Temple
English summary
Can Women Enter Kerala's Sabarimala Temple? Constitution Bench to Decide
topbanner topbanner

More News from this section

Subscribe by Email