ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ പോലീസ് നിരീക്ഷണത്തില്‍. കലാപ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നത് യുഎഇയില്‍ നിന്നാണെന്ന് ഹൈടെക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റുകളുടെ സ്വഭാവത്തിന് അനുസരിച്ച് ഇവരുടെ പട്ടിക തയ്യാറാക്കുന്ന ജോലികള്‍ പോലീസ് ആസ്ഥാനത്തെ സോഷ്യല്‍മീഡിയ സെല്‍ തുടങ്ങി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. പൊതു ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പോസ്റ്റുകളെ കുറിച്ചും അന്വേഷണം നടക്കുന്നു. ഇവ പോലീസ് ആസ്ഥാനത്തെ സെല്ലിന് കൈമാറും. സൈബര്‍ സെല്ലിന്റെയും ഹൈടെക് സെല്ലിന്റെയും പിടിയില്‍ നിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍ നിന്നാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ കേരളത്തില്‍ നിന്ന് അയച്ച് കൊടുക്കുകയും അവര്‍ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നതെന്നും പോലീസ് പറയുന്നു.
കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയ്യാറാക്കിയ ശേഷം ഫെയ്സ്ബുക്കിന് അയച്ചുകൊടുക്കും. അതിന് ശേഷം അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് നീക്കം. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി ഇന്റര്‍പോള്‍ വഴി ഓരോ രാജ്യത്തെയും പോലീസിനെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് തീരുമാനം.