Thursday November 22nd, 2018 - 12:27:am
topbanner

ശബരിമലയില്‍ സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയപ്പെട്ടു

JB
ശബരിമലയില്‍ സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട സംഘടനകളും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പങ്കെടുത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.

വിധിക്കെതിരെ റിവ്യൂ ഹര്‍ജി ഉടന്‍ നല്‍കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ സുപ്രീം കോടതി പൂജ അവധിക്ക് പിരിഞ്ഞിരിക്കുന്നതിനാല്‍ റിവ്യൂ ഹര്‍ജി ഉടന്‍ നല്‍കാനാവില്ലെന്നും 19 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതിനെക്കുറിച്ച് തീരുമാനം എടുക്കാമെന്നുമാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

യോഗത്തില്‍നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് ദുഃഖകരമാണ്. മറ്റ് സംഘടനകളുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിവ്യൂ ഹര്‍ജി വേണ്ടെന്ന് വച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കിയത്. 19 ന് ചേരുന്ന യോഗത്തില്‍ നിയമ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് ചര്‍ച്ചയ്‌ക്കെത്തിയവര്‍ അംഗീകരിച്ചില്ല. ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം. ദേവസ്വം ബോര്‍ഡ് ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ് രംഗത്തുവന്നത്. തുലാമാസ പൂജകള്‍ക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുന്‍പ് പ്രശ്‌ന പരിഹാരത്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.

 

English summary
sabarimala issue devaswam board meeting with royal family failed
topbanner

More News from this section

Subscribe by Email