Sunday July 22nd, 2018 - 8:41:am
topbanner
Breaking News

റോഡപകടങ്ങള്‍ കുറക്കാന്‍ ബോധവല്‍ക്കരണം കൊണ്ട് മാത്രം സാധ്യമാകില്ല, നിയമങ്ങള്‍ കര്‍ശനമാക്കും: ഗതാഗത മന്ത്രി

NewsDesk
റോഡപകടങ്ങള്‍ കുറക്കാന്‍ ബോധവല്‍ക്കരണം കൊണ്ട് മാത്രം സാധ്യമാകില്ല, നിയമങ്ങള്‍ കര്‍ശനമാക്കും: ഗതാഗത മന്ത്രി

തളിപ്പറമ്പ്: റോഡപകടങ്ങള്‍ കുറക്കാന്‍ ബോധവല്‍ക്കരണം കൊണ്ട് മാത്രം സാധ്യമാകില്ലെന്നും നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമം ലഘിച്ച് പിടികൂടിയാല്‍ എത്ര രൂപ വേണമെങ്കിലും പിഴയടക്കാന്‍ ആളുകള്‍ തയ്യാറാണ്. ഇത് വീണ്ടും നിയമം ലഘിക്കുന്നതിന് പ്രേരണയാകുന്നു. അതുകൊണ്ട് ശിക്ഷ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് തവണ പിഴയീടാക്കി വിട്ടവരെ നാലാം തവണ പിടികൂടിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് സബ് ആര്‍ടിഓഫിസിനു കീഴിലുളള ഓട്ടോമോട്ടീവ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റ് സെന്ററിനും കാഞ്ഞിരങ്ങാട് ആര്‍ടിഒ ഗ്രൗണ്ടില്‍ തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ഗുരുതരമായ ആക്ഷേപമുണ്ട്. ഇത് മാറ്റിയെടുക്കാനാണ് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ ഏഴാമതും ജില്ലയില്‍ രണ്ടാമത്തെയും ഓട്ടോമോട്ടീവ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റ് സെന്ററുമാണ് തളിപ്പറമ്പില്‍ സ്ഥാപിക്കുന്നത്.

കേരളത്തില്‍ ഇതുവരെ മറ്റൊരിടത്തും ഇല്ലാത്ത ഇന്റഗ്രേറ്റഡ് ടെക്നോളജിയില്‍ ജര്‍മനിയില്‍ നിന്നുള്ള അത്യന്താധുനിക മെഷീനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. തളിപ്പറമ്പിനോടൊപ്പം കാസര്‍ക്കോട്, തൃപ്പൂണിത്തറ എന്നിവിടങ്ങളിലും ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷന്‍സിനാണ് നിര്‍മ്മാണ ചുമതല.

നാലുകോടിയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തിനുളളില്‍ പൂര്‍ണ്ണമായും പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റ് സെന്ററും സജ്ജമാക്കാനുളള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇത് പൂര്‍ണ്ണ തോതില്‍ സജ്ജമായാല്‍ ഡ്രൈവിംഗ് ടെസ്റ്റിലും വെഹിക്കിള്‍ ടെസ്റ്റിലും ബാഹ്യമായ ഒരു ഇടപെടലും നടക്കില്ല. കേരളത്തില്‍ നിലവില്‍ 67 ആര്‍ടിഒ ഓഫിസുകളാണ് ഉളളത്. മെയ് മാസത്തോടെ വെള്ളരിക്കുണ്ട്, ഇരിട്ടി, പേരാമ്പ്ര, നന്‍മണ്ട, തൃപ്രയാര്‍, കാട്ടാക്കട എന്നിവിടങ്ങളില്‍ പുതിയ ഓഫിസുകള്‍ നിലവില്‍ വരും.

ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പായി എല്ലാ താലൂക്കുകളിലും ആര്‍ടിഒ ഓഫിസുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജെയിംസ് മാത്യു എംഎല്‍. അധ്യക്ഷത വഹിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.പത്്മകുമാര്‍ ഐപിഎസ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ലത, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷ്, സി.ജീജ, ഡിവൈഎസ്പി.കെ.വി.വേണുഗോപാല്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ എം.മുരളി, ആര്‍.ടി.ഒ എം.മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
rto automated vehicle testing station taliparamba
topbanner

More News from this section

Subscribe by Email