Monday September 24th, 2018 - 7:27:pm
topbanner

ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിക്കു ദോഷം; യുഡിഎഫിലേക്ക് വരും പക്ഷേ സീറ്റ് വേണം, മാണിക്കുവേണ്ടി മദ്ധ്യസ്ഥനാകുന്നത് കുഞ്ഞാലിക്കുട്ടി

Jikku Joseph
ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിക്കു ദോഷം; യുഡിഎഫിലേക്ക് വരും പക്ഷേ സീറ്റ് വേണം, മാണിക്കുവേണ്ടി മദ്ധ്യസ്ഥനാകുന്നത് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഊഹാപോഹങ്ങള്‍ക്കും രഹസ്യ ചര്‍ച്ചകള്‍ക്കും വിരാമം. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തന്നെ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് കേരളാ കോണ്‍ഗ്രസിനെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് ന്യൂഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കും.

കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗങ്ങള്‍ നടക്കാനിരിക്കെ രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കി ഘടകകക്ഷികളുടെ നീക്കം. പ്രതിപക്ഷ നേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിക്കും.

യു.ഡി.എഫ് പുനഃപ്രവേശനവുമായി ബന്ധപ്പെട്ടു കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗിന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഇന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. തുടര്‍ന്നു യു.ഡി.എഫിലേക്കുള്ള പുനഃപ്രവേശന പ്രഖ്യാപനം കേരളത്തില്‍ നടത്തും.

രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഇന്നലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തിയിരുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മുന്നണിയിലേക്ക് തിരികെവരണമെങ്കില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറണമെന്നു കെ.എം മാണി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്നു രാഹുലുമായി നടക്കുന്ന ചര്‍ച്ചയിലും ഉന്നയിക്കും. രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിസംവിധാനത്തിനു ദോഷകരമാണെന്ന ആരോപണം ഉന്നയിച്ചാകും ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുക.

പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ മാറ്റം വേണമെന്ന അവശ്യംവരെ ഘടകകക്ഷികള്‍ ഉന്നയിച്ചേക്കും. എന്നാല്‍ രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തില്‍നിന്ന് മാറ്റുന്നതിനോട് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. എ.കെ ആന്റണിയുടെയും എം.എം ഹസന്റെയും ഉമ്മന്‍ ചാണ്ടിയുടെയും അഭിപ്രായങ്ങള്‍ ഇതില്‍ സുപ്രധാനമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം അടുത്തിരിക്കെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കും.

English summary
ramesh chennithala congress muslim league
topbanner

More News from this section

Subscribe by Email