topbanner
Monday October 23rd, 2017 - 2:25:am
topbanner

ദിലീപിന്റെ രാമലീല യു ട്യൂബിലെത്തിയത് കളക്ഷനെ കാര്യമായി ബാധിച്ചേക്കും

NewsDesk
ദിലീപിന്റെ രാമലീല യു ട്യൂബിലെത്തിയത് കളക്ഷനെ കാര്യമായി ബാധിച്ചേക്കും

കൊച്ചി: നടന്‍ ദിലീപിന്റെ പുതിയ സിനിമ രാമലീലയുടെ പ്രധാന ഭാഗങ്ങള്‍ യു ട്യൂബിലെത്തിയത് കളക്ഷനെ കാര്യമായി ബാധിച്ചേക്കുമെന്ന് അണിയറക്കാരുടെ ആശങ്ക.

സിനിമയുടെ സുപ്രധാന ഭാഗങ്ങളായ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ളവയാണ് യു ട്യബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഡേ ബ്രേക്കിങ്, അശ്വതി ക്രിയേഷന്‍സ്, കേരള കഫെ, അക്ഷയ് ചന്ദ്രന്‍ എന്നീ അക്കൗണ്ടുകളില്‍ നിന്ന് ശനിയാഴ്ച അപ്ലോഡ് ചെയ്ത ഭാഗങ്ങള്‍ കാണാന്‍ യു ട്യൂബില്‍ ആളേറുകയാണ്.

രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ ക്ലൈമാക്സാണ്. ഈ രംഗങ്ങള്‍ പോലും പുറത്തായിട്ടുണ്ട്. തീയേറ്ററുകളില്‍ നിന്നും പകര്‍ത്തിയ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്.

ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്റെ മൂന്നാംനാള്‍ തന്നെയാണ് അതിലെ നിര്‍ണായകമായ രംഗങ്ങള്‍ പലതും ചോര്‍ന്നത്. സിനിമ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കെ തീയേറ്ററില്‍ ആളുകള്‍ കുറയാന്‍ ഇത് കാരണമാകുമെന്നുറപ്പാണ്.

ദൃശ്യത്തിനുശേഷം മലയാളം കണ്ട ഏറ്റവും മികച്ച ക്ലൈമാക്സ് എന്ന് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന, ദിലീപും രാധികയും ഉള്‍പ്പെടുന്ന ഈ രംഗം പോലും ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തിയതില്‍ പെടും. ചോര്‍ന്നതെല്ലാം തന്നെ ചിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളായ രംഗങ്ങളാണ് എന്നതാണ് ഒരു പ്രത്യേകത.

മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് കേരളത്തിലങ്ങോളമിങ്ങോളം വന്‍ സ്വീകാര്യത ലഭിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ രംഗങ്ങള്‍ ചോര്‍ന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത് സിനിമയെ പ്രതിസന്ധിയിലാക്കിയിരുന്നു. ബലാത്സംഗക്കേസിലെ പ്രതിയുടെ സിനിമ ബഹിഷ്‌കരിക്കാന്‍ പലഭാഗത്തുനിന്നും ആഹ്വാനങ്ങളുമുണ്ടായി.

സിനിമ ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നേക്കുമെന്ന് കേരള ഓണ്‍ലൈന്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിനെതിരെ പ്രചരണം നടത്തുന്നവരായിരിക്കാം സിനിമ ചോര്‍ത്തിയതെന്നാണ് അനുമാനം. ഇതിനെതിരെ സിനിമയുടെ അണിയറക്കാര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Read more topics: ramaleela, movie, youtube
English summary
ramaleela movie clips leaked youtube
topbanner topbanner

More News from this section

Subscribe by Email