Saturday July 20th, 2019 - 2:42:am
topbanner
topbanner

അഗസ്റ്റിന്റെ സംസ്‌കാരവും പള്ളി കമ്മറ്റി വിലക്കി; വെളിപ്പെടുത്തലുമായി രഞ്ജിത്ത്‌

NewsDesk
അഗസ്റ്റിന്റെ സംസ്‌കാരവും പള്ളി കമ്മറ്റി വിലക്കി; വെളിപ്പെടുത്തലുമായി രഞ്ജിത്ത്‌

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരത്തിന് പള്ളിക്കമ്മറ്റി വിസമ്മതിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. നടന്‍ അഗസ്റ്റിന്‍ മരിച്ചപ്പോഴും സമാനമായ അനുഭവമുണ്ടായെന്ന് അദ്ദേഹം മാതൃഭൂമിയിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

രഞ്ജിത്തിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം:

അഗസ്റ്റിന്‍ മരിച്ചിട്ട് ഈ വരുന്ന നവംബറില്‍ മൂന്നുവര്‍ഷമാവും. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നും ഏതെങ്കിലും കാര്യത്തില്‍, രൂപത്തില്‍ അയാളെ ഓര്‍ക്കാറുണ്ട്. ഇടയ്ക്ക് സ്വപ്നത്തിലും വന്നുപോവാറുണ്ട്. ഇപ്പോഴിതാ പ്രിയങ്കാ ചോപ്ര എന്ന നടിയുടെ മുത്തശ്ശിയാണ് അയാളെയും കൊണ്ടുവന്നിരിക്കുന്നത്.

രണ്ട് പെണ്‍മക്കളുടെയും ഭാര്യയുടെയും കണ്ണീരിനുമുന്നില്‍ ഒരു ഫ്രീസറില്‍ അയാള്‍ മരവിച്ചുകിടക്കുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പള്ളിയിലെ വികാരിയച്ചന്റെ ദയയ്ക്കായി ഒരു ടെലിഫോണും കാതില്‍ ചേര്‍ത്തുനില്‍ക്കുകയായിരുന്നു.

മരണം അരികെയെത്തുന്നു എന്ന ബോധത്തിന്റെ ഒരിടവേളയില്‍ അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. മാമോദീസ മുക്കിയ പള്ളിയില്‍വേണം എന്നെ അടക്കേണ്ടത് എന്ന്. ആ ആഗ്രഹമാണ് ഒരു ഇടനിലക്കാരന്‍ മുഖേന വികാരിയെ അറിയിച്ച് സമ്മതത്തിനായി കാത്തു നില്‍ക്കുന്നത്.

'ഒരു കാരണവശാലും അനുവദിക്കില്ല'' എന്ന മറുപടിയില്‍ ഉറച്ചുനിന്നു വികാരിയച്ചന്‍. ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു. എന്തായിരുന്നു ഈ അപേക്ഷ തള്ളാനുള്ള കാരണം എന്നന്വേഷിച്ചപ്പോള്‍ അറിയാന്‍കഴിഞ്ഞത് ഹൈന്ദവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആളാണ് എന്നതായിരുന്നു. എന്റെകൂടെയും മറ്റ് സുഹൃത്തുക്കളുടെ കൂടെയും അയാള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ശബരിമലയിലും വന്നിട്ടുണ്ട്. വയനാട്ടിലെ ചുണ്ടയില്‍ എന്ന സ്ഥലത്തെ സെന്റ് ജൂഡിന്റെ പള്ളിയില്‍ അയാള്‍ മെഴുകുതിരി തെളിയിച്ച് മുട്ടുകുത്തി നിറകണ്ണുകളോടെ പ്രാര്‍ഥിക്കുന്നതിന് ഞാന്‍ പലവട്ടം സാക്ഷ്യംനിന്നിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രശ്‌നങ്ങള്‍ വരുമ്പോള്‍ കഴുത്തിലെ സ്വര്‍ണമാല പണയംവെക്കാനായി ഊരുമ്പോള്‍ അതിലെ കുരിശില്‍ക്കിടക്കുന്ന രൂപം അഴിച്ചുമാറ്റി കറുത്തചരടില്‍ കോര്‍ത്തുകെട്ടി നെഞ്ചില്‍ അണിയുന്നതും ഞാന്‍ കണ്ടതാണ്.

അവനെയെന്തിനാണ് കുഴിമാടം നിഷേധിച്ച് ശിക്ഷിക്കുന്നത് എന്ന് എന്റെ മനസ്സിലുയര്‍ന്ന ചോദ്യം ഞാന്‍ മായ്ച്ചുകളഞ്ഞതായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി എല്ലാം മടക്കിക്കൊണ്ടുവരുന്നു.
ജീവിച്ചിരിപ്പുണ്ട് പലരും, മനഃശാന്തി തേടി 'അന്യ ദൈവങ്ങളുടെ' കുടിയിരിപ്പ് കേന്ദ്രങ്ങളില്‍ പോവുക എന്ന തെറ്റ് ചെയ്തവര്‍, അന്ത്യനാളുകളില്‍ പ്രിയപ്പെട്ട മണ്ണില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചേക്കാവുന്നവര്‍. അവര്‍ക്കുള്ള ശിക്ഷ എഴുതി കാത്തിരിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്. മരണത്തിന് കീഴ്‌പ്പെട്ട് നിശ്ചേതനമായതിനോടു പൊറുക്കാന്‍ മനസ്സ് കാണിക്കണം.

അന്യമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന തെറ്റിന് ടി.എ. ഷാഹിദ് എന്ന തിരക്കഥാകൃത്തിന് മരണാനന്തരം ഒടുക്കേണ്ടിവന്ന വലിയ പിഴ ജന്മനാട്ടിലെ പള്ളിപ്പറമ്പില്‍ മണ്ണ് കിട്ടിയില്ല എന്ന തീരുമാനത്തിന്റെ മുകളിലാണ്. സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന ചാപ്പകുത്തിയതില്‍ ഇന്ന് ആശ്വാസം തോന്നുന്നുണ്ട്. കാരണം പള്ളികളില്‍പോയതിന്റെ പേരിലോ ഒരു റംസാന്‍കാലത്ത് ഒരു ദിവസം നോമ്പ് പിടിച്ചതിന്റെ പേരിലോ എന്റെ ശവം സംസ്‌കരിക്കാന്‍ കഴിയില്ല എന്ന് കോഴിക്കോട്ടെ പൊതുശ്മശാനം നടത്തിപ്പുകാര്‍ പറയില്ലല്ലോ എന്നോര്‍ത്ത്. അല്ല ഇനി അതിനും പുതിയ ശിക്ഷാവിധികള്‍ ഉണ്ടാവുമോ എന്നറിയില്ല. എന്തായാലും ഒന്നും ഞാന്‍ അറിയില്ലല്ലോ എന്നാശ്വസിക്കാം.........

യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി 'ആദരിച്ച' ക്ലിഫ് ഹൗസ് ഫെയിം സന്ധ്യ ജോലി ഉപേക്ഷിച്ചു

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂരുകാരന് വീടുകണ്ടെത്താന്‍ പോലീസിന്റെ സഹായം

സിബിഐ അന്വേഷണം; മണിയുടെ അനുജന്‍ ജയിലില്‍ ഉണ്ട തിന്നുമെന്ന് തരികിട സാബു


കടപ്പാട് മാതൃഭൂമി

 

 

English summary
Burial denial for Priyanka Chopra's grandmother; director ranjith's article
topbanner

More News from this section

Subscribe by Email