Sunday April 21st, 2019 - 12:04:am
topbanner
topbanner

കേരളത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

rajani v
കേരളത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കൊല്ലം: കേരളം വൈവിദ്ധ്യങ്ങളുടെ നാടാണെന്നും മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കേരളത്തില്‍ വിവിധ മതങ്ങളിലുള്ളവര്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. ഇത് മഹത്തായൊരു കാര്യമാണ്. സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിലും കേരളത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടന്നും മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യര്‍, അയ്യങ്കാളി, സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരു എന്നിവര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ കേരളം ഇന്നും തുടരുന്നത് നല്ല കാര്യമാണ്. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും രാജ്യത്തെ ഐക്യത്തോടെ നിറുത്തുന്നതിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആത്മീയ മാര്‍ഗത്തിലൂടെയായിരുന്നു ഇവര്‍ ഇതെല്ലാം സാധിച്ചതെന്നും കോവിന്ദ് പറഞ്ഞു.

കേരളത്തിന്റെ ആത്മീയ മനസ് മതത്തിനും വിശ്വാസത്തിനും അതീതമാണ്. കേരളത്തിലെ തന്നെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ ഇന്ത്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ഒരു മതവിഭാഗമാണ്. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്താണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ളിം പള്ളി കേരളത്തില്‍ നിര്‍മ്മിച്ചത്. അറബ് വ്യാപാരികളായിരുന്നു ഇതിന് പിന്നില്‍.ജൂതരും റോമാക്കാരും എല്ലാം കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെയും സഹവര്‍ത്തിത്തോടെയും ഓരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയായതിനു ശേഷം തന്റെ ആദ്യ സന്ദര്‍ശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക്കില്‍ നമ്മുടെ ധീര സൈനികര്‍ നടത്തുന്ന ഐതിഹാസിക ജീവിതമാണ് അവിടെ കണ്ടത്. രണ്ടാമതായി വന്നതു കേരളത്തിലാണ്. കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്.ലോകത്തിലെ തന്നെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് കേരളം. ഒരു വശത്ത് സൈനികരുടെ ധീരതയും മറുവശത്ത് ആത്മീയ നേതാക്കളുടെ സ്നേഹവും അനുകമ്പയുമാണ് നമ്മുടെ പ്രതീക്ഷകളുടെ രണ്ട് തൂണുകള്‍. ശാസ്ത്രരംഗത്തും കേരളം വലിയ സംഭാവന നല്‍കിയിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു കോടി ജനങ്ങള്‍ക്ക് ശുദ്ധജലം നടപ്പാക്കുന്ന പദ്ധതി, 12 ഗ്രാമങ്ങളില്‍ ശൗചാലയം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 1940 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ എന്നീ പദ്ധതികളാണ് രാഷ്ട്രപതി അമൃതപുരിയില്‍ ഉദ്ഘാടനം ചെയ്തത്.
എല്ലാവര്‍ക്കും ഒരേപോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. സാധാരണക്കാരുടെ ജീവിതത്തിനാണ് മഠം പരിവര്‍ത്തനം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി മഠത്തിലെ ദര്‍ശന ഹാളിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എം.പി, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി തുടങ്ങിയവര്‍ പ്രസംഗിച്ചു. അമ്മ സന്നിഹിതയായിരുന്നു

 

Read more topics: president, kerala visit, speech
English summary
president prise kerala visit speech vallikunnu
topbanner

More News from this section

Subscribe by Email