Tuesday May 21st, 2019 - 9:06:am
topbanner
topbanner

കേരളത്തെയും മലയാളികളെയും പുകഴ്ത്തി രാഷ്ട്രപതിവീണ്ടും

NewsDesk
കേരളത്തെയും മലയാളികളെയും പുകഴ്ത്തി രാഷ്ട്രപതിവീണ്ടും

കേരളത്തില്‍ വീണ്ടും സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ചില ആകര്‍ഷക ഘടകങ്ങളുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നല്‍കിയ വിപുലമായ സ്വീകരണം മനസില്‍ തൊട്ടു. സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിലെത്തുമ്പോഴുള്ളത്. ഇത് രണ്ടാം തവണയാണ് കേരളത്തില്‍ വരുന്നത്. രാഷ്ട്രപതിയായ ശേഷം ജന്‍മനാട്ടില്‍ എത്ര തവണ പോയിട്ടുണ്ടെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഒരു തവണയെന്ന് മറുപടി നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ ആകര്‍ഷിക്കുന്ന പല ഘടകങ്ങളുണ്ട്. അതിനാല്‍ കൂടുതല്‍ സന്ദര്‍ശിക്കുന്നു. കേരളവും അത്തരത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌നേഹം നിറഞ്ഞ ക്ഷണം സ്വീകരിച്ചാണ് രണ്ടാമതും എത്തിയത്. മുഖ്യമന്ത്രി ക്ഷണിച്ചപ്പോള്‍ ടെക്‌നോസിറ്റിയുടെ ചടങ്ങിനെത്താമെന്നാണ് അറിയിച്ചത്. എന്നാല്‍ പൗരസ്വീകരണത്തിലും പങ്കെടുക്കണമെന്ന് അദ്ദേഹം സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു.

ചരിത്രപരമായി കേരളം ഒരു ആത്മീയ കേന്ദ്രമാണ്. ആത്മീയ നേതാക്കളും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമായ ആദി ശങ്കരന്‍ മുതല്‍ ശ്രീനാരായണ ഗുരുവിലൂടെയും അയ്യന്‍കാളിയിലൂടെയും പിന്നീട് മറ്റു പലരിലൂടെയും ഈ പാരമ്പര്യം തുടര്‍ന്നു. വിവിധ മതസ്ഥര്‍ നൂറ്റാണ്ടുകളായ ഇവിടെ ഐക്യത്തോടെ കഴിഞ്ഞുവരുന്നു. ഇത് തുടരേണ്ടതുണ്ട്. കേരളത്തിന്റെ പാരമ്പര്യം മനുഷ്യത്വവും ജനാധിപത്യവും ജനങ്ങളെ മുന്നില്‍ കണ്ടുള്ളതുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, മനുഷ്യവികാസം, പാഞ്ചായത്തിരാജ്, തദ്ദേശസ്വയംഭരണം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കേരളം ഇന്ത്യയില്‍ മുന്നിട്ടു നില്‍ക്കുന്നു. ശുചിത്വത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്. വ്യത്യസ്തമായതും വേറിട്ടതുമായ വ്യക്തിത്വത്തിലൂടെ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഇതൊന്നും കേരളത്തിന് പുതുമയല്ല. സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ തിരുവിതാംകൂര്‍ വികസിത മേഖലയായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബം നടത്തിയിട്ടുള്ള പരിഷ്‌കരണവും ക്ഷേമപ്രവര്‍ത്തനങ്ങളും ഓര്‍ക്കേണ്ടതാണ്.

കേരളത്തില്‍ എത്തിയ സഞ്ചാരികള്‍ ഇവിടത്തെ ജനങ്ങളുടെ കഴിവിനെയും ഭരണാധികാരികളുടെ സത്യസന്ധതയെയും പ്രകീര്‍ത്തിച്ചെഴുതിയിട്ടുണ്ട്. ഇന്ന് കേരളം അന്തര്‍ദ്ദേശീയ സമൂഹത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ മുന്‍നിര ടൂറിസം കേന്ദ്രമാണ് കേരളം. ഇവിടത്തെ ആയുര്‍വേദ കേന്ദ്രങ്ങള്‍ മികച്ച ചികിത്‌സ ഒരുക്കുന്നു. കേരളം ഐ. ടി മേഖലയിലും പുരോഗമിക്കുന്നതാണ് മനസിലാക്കാന്‍ സാധിച്ചു. മലയാളികള്‍ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എത്തി മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ശക്തിയുടെ നട്ടെല്ല് മലയാളികളാണ്. വിവിധ രാജ്യങ്ങളിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്നു. ഡല്‍ഹിയിലെയും മുംൈബയിലെയും ആശുപത്രികളിലും സര്‍ക്കാര്‍, സര്‍ക്കാരിതര കോര്‍പ്പറേറ്റ് ഓഫീസുകളിലും മലയാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന വേളയില്‍ മലയാളി അഭിഭാഷകരെ ആശ്രയിച്ചിരുന്നതായി രാഷ്ട്രപതി പറഞ്ഞു.

തങ്ങളുടെ കഴിയും അറിവും രാജ്യനിര്‍മ്മാണത്തിനായി നല്‍കാനുള്ള സന്നദ്ധതയാണ് മലയാളികളെ വേറിട്ടു നിര്‍ത്തുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. കാണ്‍പൂരിലെ തന്റെ ഭവനത്തിന്റെ ഒരു ഭാഗം വാടകയ്ക്ക് ഉപയോഗിക്കുന്നത് ജോര്‍ജ് എന്ന നല്ലൊരു മലയാളിയാണ്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലെ ഒരു വാടകക്കാരനാണ് ജോര്‍ജെന്നും കഴിഞ്ഞ പത്തു വര്‍ഷമായി വാടകയ്ക്ക് കഴിയുന്നതായും രാഷ്ട്രപതി അറിയിച്ചു.

കേരളത്തിന്റെ ഫുട്ബാള്‍ ഭ്രമത്തെയും രാഷ്ട്രപതി പരാമര്‍ശിച്ചു. ഫുട്ബാളിനായി സമര്‍പ്പിച്ച മികച്ച കളിയാസ്വാദകരുടെ നാടാണ് കേരളം. ഫിഫ അണ്ടര്‍ 17 മത്‌സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനെ രാഷ്ട്രപതി അഭിനന്ദിച്ചു. സ്‌പോര്‍ട്ടിംഗ് സ്പിരിറ്റ് കേരളത്തിന്റെ സവിശേഷതയാണ്. അതു തുടരണം. ഇത് മലയാളികളെയും കേരളത്തെയും പ്രത്യേകതയുള്ളതാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

സഹോദരി സഹോദരന്‍മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം'' എന്നു പറഞ്ഞ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. മലയാളത്തില്‍ പ്രസംഗം ആരംഭിക്കാന്‍ പ്രത്യേക കാരണമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാ ഭാഷകള്‍ക്കും അര്‍ഹമായ ഇടം നല്‍കണമെന്നാണ് തന്റെ അഭിപ്രായം. ഡല്‍ഹിയില്‍ നടന്ന ഹിന്ദി ദിനാചരണത്തിലെ പ്രസംഗത്തില്‍ ഇതിനാണ് പ്രാമുഖ്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍ പി. സദാശിവം അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, മേയര്‍ വി. കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മന്ത്രിമാരായ എ. സി. മൊയ്തീന്‍, ടി. പി. രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപള്ളി, വി. എസ്. സുനില്‍കുമാര്‍, ഒ. രാജഗോപാല്‍ എം. എല്‍. എ, ജില്ലാ കളക്ടര്‍ കെ. വാസുകി, വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍, വിദ്യാര്‍ത്ഥികള്‍, സൈനികര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വെള്ളയമ്പലം അയ്യന്‍കാളി പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം പൗരസ്വീകരണ ചടങ്ങിലെത്തിയ രാഷ്ട്രപതിയെ കേരളീയ കലാരൂപങ്ങളും താലപ്പൊലിയും മുത്തുക്കുടയും വെഞ്ചാമരവും ആലവട്ടവുമായാണ് ടാഗോറില്‍ സ്വീകരിച്ചത്. കഥകളി, മോഹിനിയാട്ടം, മയിലാട്ടം, കളരിപ്പയറ്റ്, പരിചമുട്ട്, ഒപ്പന, മയിലാട്ടം, മാര്‍ഗംകളി, തെയ്യം എന്നിവ അണിനിരന്നു. മുഖ്യമന്ത്രി, മേയര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ രാഷ്ട്രപതിക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഇവിടെ നിന്ന് രാജ്ഭവനിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ വിരുന്നൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ടി. പി. രാമകൃഷ്ണന്‍, എ. സി. മൊയ്തീന്‍, വി. എസ്. സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപള്ളി, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി. കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഗവര്‍ണറുടെ പത്‌നി സരസ്വതി, ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു.

Read more topics: president, ram nath kovind, kerala,
English summary
president Ram Nath Kovind kerala visit
topbanner

More News from this section

Subscribe by Email