ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബിലേക്ക്. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം ബുധനാഴ്ച ജലന്ധറിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചു.
ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആവ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ് പി അറിയിച്ചു. കേസിലെ സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലുള്ള സ്വാഭാവിക താമസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട് .
പരാതി നല്കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയേയും സ്വാധീനിക്കാന്‍ ഫാ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതായി വാര്‍ത്ത വന്നിരുന്നു. പരാതിയില്‍ നിന്ന് പിന്മാറിയാല് 10 ഏക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ശബ്ദരേഖ പുറത്തുവന്നതോടെ ഫാ ജെയിംസ് എര്‍ത്തയിലും നിയമ നടപടി നേരിടേണ്ടിവരും.