തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാലയ്ക്കെതിരായ പോലീസ് അന്വേഷണവും അതുസംബന്ധിച്ച വിവാദവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.
തെരുവില്‍ അനാഥരായും അവശരായും കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതി എത്തിച്ചുനല്‍കി അശ്വതി തുടങ്ങിയ പ്രവര്‍ത്തനം ഇപ്പോള്‍ ജ്വാലയിലൂടെ വളര്‍ന്നു പന്തലിച്ചത് സംശയാസ്പദമാണെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.
അശ്വതി ലക്ഷങ്ങള്‍ സംഭാവനയായി വാങ്ങുന്നു, ഇവ ഉപയോഗിച്ച് വിദേശയാത്രകള്‍ നടത്തുന്നു, കുറഞ്ഞനാള്‍കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഓഫീസ്, വിലകൂടിയ കാര്‍, കൂടാതെ അടുത്തിടെ പൂങ്കുളത്ത് 5 ഏക്കര്‍ ഭൂമിയ്ക്ക് അഡ്വാന്‍സ് നല്‍കിയതായും അശ്വതിക്കെതിരെ ആരോപണമുണ്ട്.
തിരുവനന്തപുരം വിദേശ വനിത ലിഗയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് അശ്വതി ജ്വാല. ലിഗയുടെ മരണത്തില്‍ ഇപെട്ടതിലും ഇക്കാര്യം പറഞ്ഞ് 3.8 ലക്ഷംരൂപ പണപ്പിരിവ് നടത്തിയതിലും സംശയമുണ്ടെന്ന് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് അശ്വതിക്കെതിരായ ആരോപണങ്ങള്‍ ശക്തമായത്.
അശ്വതിയുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ഭയംകൂടാതെ അശ്വതി തനിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ഇവരെ പിന്തുണയ്ക്കുന്നവരും നിര്‍ദ്ദേശിക്കുന്നു.
അതേസമയം, ആരോപണങ്ങളില്‍ മറുപടി നല്‍കാതെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉപയോഗിച്ച് കേസ് ഒതുക്കാനാണ് അശ്വതിയുടെ ശ്രമമെന്നാണ് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മറ്റു ചിലരും ഇപ്പോള്‍ ആരോപിക്കുന്നുണ്ട്.
അതിനിടെ, അശ്വതിക്കെതിരെ കേസ് അന്വേഷണം ആരംഭിച്ചതോടെ ഭരണരംഗത്തെ ചില പ്രമുഖര്‍ തന്നെ അന്വേഷണത്തില്‍ ഇടപെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളു സൂചിപ്പിക്കുന്നത്.