Sunday September 23rd, 2018 - 6:13:am
topbanner

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; നവജാത ശിശുക്കള്‍ക്ക് അസ്വസ്ഥത

fasila
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; നവജാത ശിശുക്കള്‍ക്ക് അസ്വസ്ഥത

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ക്ക് അസ്വസ്ഥത. പുക പടരുന്ന സ്ഥലം തേടിപിടിച്ചെത്തിയ രക്ഷിതാക്കളുടെ പരാതികേള്‍ക്കാതെ ജീവനക്കാരന്‍ തട്ടികയറിയതായി ആക്ഷേപം. ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇന്‍സിനേറ്റര്‍ റൂമില്‍നിന്ന് പുക ഉയര്‍ന്നത്. പുക നിറഞ്ഞതോടെ പുറകിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നവജാത ശിശുക്കളാണ് ശ്വാസം മുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്.

സഹികെട്ടപ്പോള്‍ വാര്‍ഡില്‍ പ്രസവ ചികിത്സക്കെത്തിയ മുടപ്പല്ലൂര്‍ സ്വദേശി കണ്ണനും മണ്ണാര്‍ക്കാട് സ്വദേശി വിനുവും മറ്റു ശിശുക്കളുടെ രക്ഷിതാക്കളും ചേര്‍ന്ന് പുകയുടെ ഉറവിടം അന്വഷിച്ച് ഇന്‍സിനേറ്റര്‍ റൂമിലെത്തി. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന ഇന്‍സിനേറ്റര്‍ റൂമിലെ ജീവനക്കാരനോട് ഈ വിഷയം സൂചിപ്പിച്ചപ്പോള്‍ ഞങ്ങള്‍ കത്തിക്കും നിന്നെ കൊണ്ട് പറ്റും പോലെ ചെയ്‌തോ എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം എന്ന് കണ്ണന്‍ പറഞ്ഞു. സൂപ്രണ്ടിനോട് പരാതി പറയാന്‍ ഓഫീസിലെത്തിയപ്പോള്‍ സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ലെന്നും കണ്ണന്‍ പറഞ്ഞു.

വിഷയം അറിഞ്ഞ് പൊതുപ്രവര്‍ത്തകരായ ബോബന്‍ മാട്ടുമന്ത, എം.എം. കബീര്‍, റാഫി ജൈനിമേട്, പി. സുജിത് എന്നിവര്‍ സ്ഥലത്തെത്തി. ഇതിനകം ജീവനക്കാരന്‍ ഇന്‍സിനേറ്റര്‍ മുറിയടച്ച് സ്ഥലം വിട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്നാണ് നിയമമെങ്കിലും ജില്ലാ ആശുപത്രിയില്‍ വര്‍ഷങ്ങളായി ലംഘിക്കപ്പെടുകയാണ്. മുന്‍ കാലങ്ങളില്‍ പഴയ ടി.ബി. വാര്‍ഡിനോട് ചേര്‍ന്നാണ് കത്തിച്ചിരുന്നത്. യുവജന സംഘടനകളുടെ സമരങ്ങളെ തുടര്‍ന്നാണ് ഇന്‍സിനേറ്റര്‍ റൂമിലാക്കിയത്. ഈ റൂമിന് പുറത്ത് പ്ലാസ്റ്റിക്, സിറിഞ്ച്, എന്നിവ കത്തിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്.

നിലവില്‍ ഇന്‍സിനേറ്റര്‍ തകരാറിലാണ്. യഥാവിധിയുള്ള പുകക്കുഴല്‍ പോലുമില്ല. തകരാറിലായ ഇന്‍സിനേറ്ററിനെ മറയാക്കിയാണ് ഇവിടെ പ്ലാസ്റ്റിക് കത്തിക്കുന്നത്. മുറിയിലെ ജനല്‍ വഴിയാണ് പുക പുറത്തുവരുന്നത്. കുട്ടികളുടെ വാര്‍ഡിനു പുറമെ നെഹ്‌റു വാര്‍ഡിലുള്ളവര്‍ക്കും ഈ പുക ശല്യമാകുന്നുണ്ട്.

Read more topics: palakkad, district, hospital
English summary
plastic waste burnt down in palakkad district hospital
topbanner

More News from this section

Subscribe by Email