Thursday April 26th, 2018 - 5:28:am
topbanner

സ്വതന്ത്ര ആവിഷ്‌ക്കാരം നിയന്ത്രിക്കുന്നതിനെതിരേ സാംസ്‌കാരിക ലോകം ശബ്ദമുയര്‍ത്തണം: മുഖ്യമന്ത്രി

NewsDesk
സ്വതന്ത്ര ആവിഷ്‌ക്കാരം നിയന്ത്രിക്കുന്നതിനെതിരേ സാംസ്‌കാരിക ലോകം ശബ്ദമുയര്‍ത്തണം: മുഖ്യമന്ത്രി

കൊച്ചി: സ്വതന്ത്ര ആവിഷ്‌ക്കാരം നിയന്ത്രിക്കുന്ന ശക്തികള്‍ക്കെതിരേ സാംസ്‌കാരിക ലോകം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഐഎംഎ ഹാളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംസ്ഥാനതല കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ കമലാണ് ഈ പ്രശ്‌നം ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡുകളില്‍ പ്രാദേശിക പ്രാതിനിധ്യമുണ്ടെങ്കിലും നിക്ഷ്പക്ഷമായ പ്രവര്‍ത്തനം സാധ്യമാകുന്നില്ല. ഇതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കമല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തിനെതിരേ ശക്തമായി ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ അഭിപ്രായവും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദേശവും തേടുന്നതിനായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സാഹിത്യകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഗ്രന്ഥശാല സംഘം പ്രവര്‍ത്തകര്‍, മാഝിക് കലാകാരന്മാര്‍, നാടന്‍ കലാകാരന്മാര്‍, വാദ്യകലാകാരന്മാര്‍, കഥാപ്രസംഗകര്‍, സംഗീതജ്ഞര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കു മു്ന്നില്‍ വിവിധ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വ്യക്തമാക്കി. ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സര്‍ക്കാര്‍ നടത്തുന്നതെന്ന മുഖവുരയോടെയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുമാണ് സാംസ്‌കാരിക പ്രമുഖര്‍ സംസാരിച്ചത്. സംസ്ഥാനത്തിന്റെ പൊതുവിഷയങ്ങളേക്കാള്‍ സാംസ്‌കാരിക വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത്. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

തീരദേശ ഹൈവേ പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കിടെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പാരമ്പര്യ സാംസ്‌കാരിക തനിമ തകരുകയാണെന്നും കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി വികസനം നടത്തണമെന്നുമായിരുന്നു ആലപ്പുഴ നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ഫാ. ജോസ് വലിയ വീട്ടിലിന്റെ നിര്‍ദേശം. എന്നാല്‍ തീരദേശ ഹൈവേ യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ പ്രയോജനം തീരദേശ വാസികള്‍ക്ക് തന്നെയാണെന്നും കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തില്‍ ഗതാഗതത്തിന് വലിയ പ്രാധാന്യമുണ്ട്. ന്യായമായ പുനരധിവാസം ഉറപ്പാക്കി മാത്രമേ കുടിയൊഴിപ്പിക്കൂ. എന്നാല്‍ പ്രയാസങ്ങളുണ്ടായാല്‍ പദ്ധതി ഉപേക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്താം ക്ലാസ് വിജയിക്കുന്നവര്‍ അക്ഷരത്തെറ്റില്ലാതെ എഴുതുന്ന വിധത്തിലുള്ള വിദ്യാഭ്യാസ സംവിധാനമുണ്ടാകണമെന്ന് സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശരിയും തെറ്റും ടിക്ക് ചെയ്ത് പരീക്ഷ വിജയിക്കുന്ന സംവിധാനത്തില്‍ കുട്ടികള്‍ക്ക് ഭാഷയിലുള്ള സ്വാധീനം നഷ്ടമാകുമെന്നും പഠന രീതികളുടെ വൈകല്യം പരിഹരിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ മലയാളം അടിച്ചേല്‍പ്പിക്കുകയാണെന്ന ആശങ്ക കാസര്‍ഗോഡ് മേഖലയില്‍ നിലനില്‍ക്കുന്നുവെന്ന് കെ.യു. കുമാരന്‍ പരാതിപ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെയാകണമെന്നും മലയാളം അധിക ഭാഷയായി പഠിക്കണമെന്നുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഥാപ്രസംഗകരെ അവഗണിക്കില്ലെന്ന് കഥാപ്രസംഗകന്‍ തേവര്‍തോട്ടം ഉന്നയിച്ച ചോദ്യത്തിനു മറപടിയായി മുഖ്യമന്ത്രി പറഞ്ഞു. കഥാപ്രസംഗകര്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും എട്ട് ജില്ലകളില്‍ ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞുവെന്നും ബാക്കി ജില്ലകളില്‍ ഉടന്‍ സ്ഥലം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്എഫ്ഡിസി ഫിലിം സിറ്റിയാക്കി മാറ്റണമെന്ന നിര്‍ദേശം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി മുന്നോട്ടുവെച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി, പബ്ലിക് ലൈബ്രറി, ടൗണ്‍ഹാള്‍ എന്നിവ സംയോജിപ്പിച്ച് സാംസ്‌കാരിക സമുച്ചയമാക്കി വികസിപ്പിച്ച് ഹാളും താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഉന്നയിച്ചു. ഈ നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

പ്രാദേശിക ചരിത്ര രചന നടക്കാത്ത സ്ഥലങ്ങളില്‍ അതു പരിഗണിക്കാമെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മലയാളം അധ്യാപകന്‍ കെ.എസ്. രവികുമാറിനു മുഖ്യമന്ത്രി മറുപടി നല്‍കി. ഓരോ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് അവിടെ ജീവിച്ചിരുന്ന കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, മറ്റു പ്രമുഖ വ്യക്തികള്‍ തുടങ്ങിയവയുടെ സമഗ്ര വിവര ശേഖരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നായിരുന്നു രവികുമാറിന്റെ ആവശ്യം.

സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിനിമാ മേഖലയില്‍ ഇ-ടിക്കറ്റ് വേഗത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് പരിശോധിക്കുമെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉന്നയിച്ച ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി. മുസ്‌രിസ് പദ്ധതി സാംസ്‌കാരിക വകുപ്പില്‍ ഉള്‍പ്പെടുത്തി ഉടന്‍ നടപ്പാക്കണമെന്ന് എഴുത്തുകാരന്‍ സേതു ആവശ്യമുന്നയിച്ചു. ജി. ശങ്കരക്കുറുപ്പ് സ്മാരകം, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കലാമണ്ഡലത്തില്‍ നിന്നു പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി, ഗോത്ര കലയുടെ പ്രോത്സാഹനം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, ആശാന്‍ സ്മാരകം നവീകരണം തുടങ്ങിയ നിര്‍ദേശങ്ങളും സാംസ്‌കാരിക ലോകം മുന്നോട്ടുവെച്ചു. എല്ലാ നിര്‍ദേശങ്ങളും ഉടന്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പഴയ മലയാള സിനിമകളുടെ നെഗറ്റീവ് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിന് തടസമില്ലെന്നും ഉടന്‍ പ്രാവര്‍ത്തികമാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാഹിത്യകാരായ വൈശാഖന്‍, കെ.എല്‍. മോഹന വര്‍മ്മ, കെ.പി. രാമനുണ്ണി, കെ.പി. സുധീര, മജീഷ്യന്‍ സാമ്രാജ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി. അപ്പുക്കുട്ടന്‍, ചലച്ചിത്ര പ്രവര്‍ത്തകരായി സിബി മലയില്‍, ലെനിന്‍ രാജേന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുരേഷ് കുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ എം.എന്‍. വിനയ് കുമാര്‍, അഡ്വ. കെ.എന്‍. അനില്‍ കുമാര്‍, സുകുമാരി നരേന്ദ്ര മേനോന്‍, രാഘവന്‍ അത്തോളി, പി.ഐ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

Read more topics: pinarayi vijayan, kochi,
English summary
pinarayi vijayan kochi meet

More News from this section

Subscribe by Email