Wednesday September 19th, 2018 - 10:22:pm
topbanner
Breaking News

പന്മന രാമചന്ദ്രന്‍ നായരുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Jikku Joseph
പന്മന രാമചന്ദ്രന്‍ നായരുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായരുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള ഭാഷാശുദ്ധിയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രഗത്ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രന്‍ നായരെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മൗലികമായ നിരവധി കൃതികളുടെ കര്‍ത്താവായ അദ്ദേഹം വിവിധ തലങ്ങളില്‍ മലയാള ഭാഷയ്ക്ക് അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചു. ഭാഷയുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച അദ്ദേഹം അധ്യാപന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. പന്മനയുടെ വേര്‍പാട് മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഭാഷാ സാഹിത്യ രംഗത്ത് നിരവധി പുസ്തകങ്ങളും ഭാഷാ ശുദ്ധിയും വ്യാകരണവും അടിസ്ഥാനമാക്കി നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയതിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഭാഷാസംബന്ധിയായതും ബാലസാഹിത്യ കൃതികളുമുള്‍പ്പെടെ 20 പുസ്തകങ്ങള്‍ രചിച്ചു. 2010-ല്‍ സ്മൃതിരേഖകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. കണ്ണകത്ത് കുഞ്ചുനായരുടെയും കളീലില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 ആഗസ്റ്റ് 13-ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിലായിരുന്നു ജനനം.

കൊല്ലം എസ്.എന്‍ കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടി. 1957-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് എം.എ മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. ശൂരനാട് കുഞ്ഞന്‍പിള്ള എഡിറ്റര്‍ ആയിരുന്ന കേരള സര്‍വകലാശാല ലെക്‌സിക്കനില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. പിന്നീട് പാലക്കാട് വിക്ടോറിയ കോളജില്‍ മലയാള അധ്യാപകനായി.

1987-ല്‍ യൂനിവേഴ്‌സിറ്റി കോളജ് മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. മലയാളവും മലയാളികളും, തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, ശുദ്ധമലയാളം തുടങ്ങിയവ പ്രസിദ്ധമാണ്. നാരായണീയത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ പുരസ്‌കാരം ലഭിച്ചു. സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ പുരസ്‌കാരം, ഇളംകുളം കുഞ്ഞന്‍പിള്ള പുരസ്‌കാരം, സംസ്ഥാന സര്‍ക്കാറിന്റെ ബാലസാഹിത്യ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

English summary
pinarayi vijayan facebook post on panmana ramachandran nair
topbanner

More News from this section

Subscribe by Email