Monday November 19th, 2018 - 11:23:pm
topbanner

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

NewsDesk
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. ജയില്‍ ജീവനക്കാര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയില്‍ ഡിജിപി സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ കണ്ണൂര്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയ കേസെടുത്തത്. ജയിലില്‍ വച്ച്‌ സൗമ്യ പീഡനത്തിനിരയായോ എന്നും പരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് കണ്ണൂരിലെ വനിതാ ജയില്‍ വളപ്പിലുള്ള കശുമാവില്‍ സൗമ്യ സാരി ഉപയോഗിച്ച്‌ തൂങ്ങി മരിച്ചത്. സഹതടവുകാരുടെ സാരിയാണ് ഇവര്‍ ഉപയോഗിച്ചത്. ജയിലിലെ ഡയറി ഫാമിലായിരുന്നു സൗമ്യയെ ജോലിക്ക് നിയോഗിച്ചിരുന്നത്. പുല്ലു ചെത്താന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ ഇവരെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ ജയില്‍ ഡിജിപിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തര മേഖല ജയില്‍ ഡിഐജി എസ്.സന്തോഷിനോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ ഉത്തരവിട്ടിരിക്കുന്നത്.

വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), അമ്മ കമല (65), മകള്‍ ഐശ്വര്യ കിഷോര്‍(8) എന്നിവര്‍ക്ക്ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഏപ്രില്‍ 24 നാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തത്. മൂന്നു പേരുടെയും മരണകാരണവും രോഗലക്ഷണവും സമാനമായിരുന്നു. കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്‌ഫൈഡ് ശരീരത്തില്‍ കലര്‍ന്നതായി കണ്ടെത്തിയിരുന്നു.

സംശയമുണ്ടാകാതിരിക്കാന്‍ ഓരോരുത്തരെയും ഓരോ ആശുപത്രികളിലാണ് കൊണ്ടുപോയത്. ദുരൂഹമരണത്തില്‍ സംശയം തന്റെ മേല്‍ പതിക്കാതിരിക്കാനായി ഛര്‍ദി ആണെന്ന് പറഞ്ഞ് സൗമ്യയും ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ തുടര്‍ച്ചയായ ദുരൂഹമരണം നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തെളിവുകള്‍ ശേഖരിച്ച പൊലീസ് സൗമ്യയെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തടസ്സമായതിനാലാണ് പ്രതി അച്ഛനമ്മമാരെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി. വിഷം നല്‍കാന്‍ ഉപയോഗിച്ച പാത്രങ്ങളും കവര്‍ കത്തിച്ച ചാരവും പെട്ടിയും പൊലീസ് കണ്ടെടുത്തിരുന്നു.

Read more topics: pinarayi, saumya, murder case,
English summary
pinarayi murder case accused saumya suicide jail Human Rights Commission has registered a case
topbanner

More News from this section

Subscribe by Email