തളിപ്പറമ്പ്: നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടുവം കാവിന്‍മുനമ്പ്-ചെറുകുന്ന് പാലം നിര്‍മ്മാണത്തിന് തുടക്കമിട്ട് ബോറിങ്ങ് ജോലികള്‍ ആരംഭിച്ചതോടെ പട്ടുവം കൂത്താട്ട് പ്രദേശത്തുള്ളവര്‍ ആശങ്കയിലായി.
പാലം നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ കൂത്താട്ട് വികസന സമിതി, ജനപ്രതിനിധികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട് അഭിപ്രായ ഐക്യമുണ്ടാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തിറങ്ങി.
1200 മീറ്റര്‍ നീളം വരുന്ന പുഴക്ക് 600 മീറ്റര്‍ റോഡും പട്ടുവം-ചെറുകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 585 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മ്മിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടുവം കൂത്താട്ട് 10-ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനകീയ യോഗം നിരവധി ആശങ്കകളാണ് പങ്കുവെച്ചത്.
ജനകീയ യോഗം പാലം നിര്‍മ്മാണം സംബന്ധിച്ച് മുന്നോട്ടുവെച്ച നിർദ്ദേശങ്ങള്‍ പൊതുമരാമത്തുവകുപ്പ് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. നിലവില്‍ പുഴയുടെ ഒഴുക്ക് തടയാതെ മുഴുവന്‍ പുഴയ്ക്കും പാലം നിര്‍മ്മിക്കുക, പുഴ മണ്ണിട്ട് നികത്തുന്നത് ഒഴിവാക്കുക, കുറ്റിക്കോല്‍ മുതല്‍ വെള്ളിക്കീല്‍, അരിയില്‍, മുള്ളൂല്‍, കൂത്താട്ട് വഴി മാട്ടൂല്‍ വരെ ഒഴുകി കടലുമായി ചേരുന്ന ഈ പുഴയുടെ സമീപ പ്രദേശങ്ങളായ കുതിരപ്പുറം, വെള്ളിക്കീല്‍ എന്നീ സ്ഥലങ്ങളിലെ മല്‍സ്യ തൊഴിലാളികള്‍ ആശ്രയിക്കുന്ന പുഴ മണ്ണിട്ട് നികത്തിയാല്‍ മല്‍സ്യബന്ധനം അസാധ്യമാകും.
കുറ്റിക്കോല്‍ പുഴയുടെ സമീപത്തുനിന്നും പല കൈവഴികളായി വരുന്ന മഴവെള്ളം ഒഴുകിയെത്തുന്ന പുഴ മണ്ണിട്ട് നികത്തിയാല്‍ താഴ്ന്ന പ്രദേശങ്ങളായ കൂത്താട്ട്, മുള്ളൂല്‍ തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാവും. സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള നിബിഡ കണ്ടല്‍ വനപ്രദേശമായ ചോയി തുരുത്തി, കക്കട്ട്, പഴയിലക്കൊടി എന്നീ മൂന്ന് തുരുത്തുകള്‍ പരിസ്ഥിതി പ്രാധാന്യമുള്ളതായതിനാല്‍ സംരക്ഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ജനകീയ യോഗം മുന്നോട്ടുവെച്ചിരിക്കുന്നത്.
1958 മുതല്‍ തന്നെ ഉയര്‍ന്നു തുടങ്ങിയതാണ് പട്ടുവം കാവിന് മുനമ്പ്-ചെറുകുന്ന് പാലത്തിനായുള്ള ആവശ്യം. തോണികളെ ആശ്രയിച്ചായിരുന്നു ആദ്യകാലത്ത് ഇരു കരകളിലുമുള്ളവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. പാലം വരുന്നതോടെ തളിപ്പറമ്പിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്ര സുഗമമാകും.
പാലത്തിന് 35 കോടിയും റോഡിന് 10 കോടിയും ഉള്‍പ്പടെ 45 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും, ചെലവ് 70 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ആദ്യപടിയായി ചെറുകുന്ന് ഭാഗത്താണ് ഇപ്പോള്‍ ബോറിങ്ങ് നടക്കുന്നത്.
പാലം പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പ് പ്രദേശത്തുള്ളവര്‍ക്ക് 11 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇത് വഴി കണ്ണപുരം റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരാനാവും. പ്രദേശത്തിന്റെയും ജില്ലയുടെ മൊത്തത്തിലുമുള്ള വികസനത്തിന് നിര്‍ണ്ണായകമായി തീരുന്ന പാലം വരണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും ആശങ്കകള്‍ പരിഹരിക്കപ്പെടാത്തപക്ഷം സമരരംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് അംഗം രാജീവന് കപ്പച്ചേരി, ടി.ദാമോദരന്‍, പി.ആലി, പി.പ്രദീപന്, കെ.അബ്ദുള്ള, പി.ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.