Sunday October 21st, 2018 - 1:01:am
topbanner
Breaking News

പരിയാരം നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; ഫോണ്‍വിളികള്‍ അന്വേഷിക്കും

NewsDesk
പരിയാരം നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; ഫോണ്‍വിളികള്‍ അന്വേഷിക്കും

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ.നഴ്‌സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കി.

മരണത്തിന് പിന്നില്‍ തങ്ങള്‍ക്ക് നിരവധി സംശയങ്ങളുണ്ടെന്നും, മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും, ശ്രീലയ എഴുതിവെച്ചുവെന്ന് പറയുന്ന കത്തിലെ കയ്യക്ഷരം അവളുടേതല്ലെന്നും പരാതിയില്‍ ബോധിപ്പിക്കുന്നു.

നല്ല മാര്‍ക്ക് വാങ്ങി പാസായ ശ്രീലയ സ്വന്തം താല്‍പര്യപ്രകാരമാണ് നേഴ്‌സിങ്ങ് തെരഞ്ഞെടുത്തതെന്നും പഠനത്തേക്കുറിച്ച് ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ വരുമ്പോഴെല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യംചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതായും പരിയാരം പോലീസ് പറഞ്ഞു.

പക്ഷെ, മകള്‍ക്ക് ഇത്തരത്തില്‍ യാതൊരു ബന്ധവുമില്ലെന്നും എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവെക്കുന്ന സ്വാഭാവമാണെന്നും ജയരാജന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിക്കുന്ന ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നിന്നെ ഞങ്ങള്‍ പോകുന്നതിനിടക്ക് ആരെയെങ്കിലും കൊണ്ട് പ്രേമിപ്പിക്കുമെന്ന് പന്തയം വെച്ചിരുന്നതായി മകള്‍ അമ്മയോട് നേരത്തെ പറഞ്ഞിരുന്നു.

മകള്‍ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പോലീസ് കാണിച്ച കത്തിലെ കയ്യക്ഷരങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് ഫോണുകളിലും വന്ന കോളുകള്‍ ആരുടേയെല്ലാമാണെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

ഈ ഫോണുകള്‍ മുറിയില്‍ താമസിക്കുന്ന മൂന്ന് കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മകളെ തെറ്റിദ്ധരിപ്പിച്ച് ഫോണ്‍വഴി ആരെക്കൊണ്ടെങ്കിലും വ്യാജകോളുകള്‍ ചെയ്യിച്ച് സമ്മര്‍ദ്ദത്തിലാക്കിയതായാണ് രക്ഷിതാക്കളുടെ പ്രധാന സംശയമെന്ന് പോലീസ് പറഞ്ഞു.

Read more topics: kannur, pariyaram, nursing, student,
English summary
pariyaram nursing student suicide
topbanner

More News from this section

Subscribe by Email