Monday December 17th, 2018 - 8:11:pm
topbanner

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി

NewsDesk
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നതായി ആരോപണം ഉയര്‍ന്ന കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. നിരവധി തവണ ചോദ്യം ചെയ്തെങ്കിലും ബിഷപ്പ് കുറ്റം സമ്മതിക്കാത്ത സാഹചര്യത്തില്‍, ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിഷപ്പിനെ തിങ്കളാഴ്ച വീണ്ടും പൊലീസ് സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ഉച്ചയ്ക്ക് രണ്ടരക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച രാവിലെ 10.20 ഓടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തില്‍ എത്തിച്ചത്. നാല് വാഹനങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിന് അകമ്പടിയായി മഠത്തില്‍ എത്തിയത്. ആദ്യം എത്തിയ പൊലീസ് ജീപ്പ് മഠത്തിന്റെ ഇടതുവശത്തു കൂടി മുന്നിലേയ്ക്ക് പോയി. രണ്ടാമത്ത് എത്തിയത് വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ ഔദ്യോഗിക വാഹനമായിരുന്നു. ഈ ജീപ്പിലാണ് ബിഷപ്പുണ്ടായിരുന്നത്. സുരക്ഷ ഒരുക്കാന്‍ എത്തിച്ചിരുന്ന ദ്രുതകര്‍മ്മസേനാംഗങ്ങള്‍ക്കും, തടിച്ചുകൂടിയ മാധ്യമ കാമറകള്‍ക്കും, നാട്ടുകാര്‍ക്കും ഇടയിലൂടെ ബിഷപ്പിനെയും വഹിച്ചുകൊണ്ടുള്ള വാഹനം കുറവിലങ്ങാട്ടെ മഠത്തിനുള്ളിലേയ്ക്കു കയറി. തുടര്‍ന്ന് മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍ തെളിവെടുപ്പ്.

വാഹനത്തിനുള്ളില്‍ നിന്നും ഇറങ്ങി മുറിയിലേയ്ക്ക് പൊലീസ് അകമ്പടിയില്‍ ബിഷപ്പ് നടന്നു പോകുമ്പോള്‍ ഇടവഴിയില്‍ മൂന്ന് കന്യാസ്ത്രീമാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ ബിഷപ്പ് ഫ്രാങ്കോയെ നോക്കിയതോടെ, ഇദ്ദേഹം ഇവരെ നോക്കി പുഞ്ചിരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നേരെ ഇരുപതാം നമ്പര്‍ മുറിയിലേയ്ക്കാണ് പോയത്. ബിഷപ്പിന്റെ വസ്ത്രങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ ഈ മുറിയിലുണ്ടായിരുന്നു. കന്യാസ്ത്രീയെ ഈ മുറിയില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. തുടര്‍ന്ന് ഇതു സംബന്ധിച്ചു പൊലീസ് സംഘം ബിഷപ്പിനോട് ചോദിച്ചെങ്കിലും മറുപടികളൊന്നും ബിഷപ്പ് നല്‍കിയില്ല.

പീഡനത്തിനിരയായ കന്യാസ്ത്രീയും, സമരരംഗത്തുള്ള മറ്റ് നാല് കന്യാസ്ത്രീകളും മഠത്തിനുള്ളിലുണ്ടായിരുന്നു. ഇവരെ പൊലീസ് സംരക്ഷണയില്‍ തന്നെയാണ് മഠത്തിനുള്ളില്‍ നിര്‍ത്തിയത്. മഠത്തിലെ ഹോസ്റ്റലിലെയും, വൃദ്ധസദനത്തിലെയും അന്തേവാസികളോട് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരാരും തന്നെ പുറത്തേയ്ക്കിറങ്ങിയില്ല. ഇതിനിടെ ഒരു വിഭാഗം അന്തേവാസികള്‍ സമീപത്തെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കും തെളിവെടുപ്പിനും ശേഷം ബിഷപ്പിനെ പുറത്തേയ്ക്ക് കൊണ്ടു വന്നപ്പോള്‍ കൂക്കുവിളികളോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ബിഷപ്പിനെയുമായി അന്വേഷണ സംഘം കോട്ടയം പൊലീസ് ക്ലബിലേയ്ക്ക് തിരിച്ചു. പിന്നെയും അരമണിക്കൂറോളം ഇവിടെ തമ്പടിച്ച ശേഷമാണ് നാട്ടുകാര്‍ മടങ്ങിയത്.

തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും പ്രാഥമിക ഘട്ടം പൂര്‍ത്തിയായതിനാല്‍ ബിഷപ്പ് ഞായറാഴ്ച കോട്ടയം പൊലീസ് ക്ലബില്‍ തന്നെ കഴിയും. അന്വേഷണത്തിന്റെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കുറവിലങ്ങാട്ട് വീണ്ടും എത്തിയിട്ടുണ്ട്. തിങ്കളാവ്ച കോടതിയില്‍ ഹാജരാക്കുന്നതോടെയാണ് അന്വേഷണം മറ്റൊരു ദിശയിലേയ്ക്ക് തിരിയുക. നുണപരിശോധനയ്ക്കു അനുവാദം നല്‍കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. അങ്ങയെങ്കില്‍ ബിഷപ്പിന്റെ പൊലീസ് കസ്റ്റഡി വീണ്ടും നീട്ടി നല്‍കേണ്ടി വരും.

Read more topics: Nun, sexual, abuse, bishop,
English summary
nun abused case bisop franko kuravilangad
topbanner

More News from this section

Subscribe by Email