Tuesday September 18th, 2018 - 9:10:pm
topbanner
Breaking News

പ്രവാസികള്‍ക്കും വോട്ടവകാശം; ബില്‍ പാര്‍ലിമെന്റില്‍ ഉടന്‍ അവതരിപ്പിക്കും

NewsDesk
പ്രവാസികള്‍ക്കും വോട്ടവകാശം; ബില്‍ പാര്‍ലിമെന്റില്‍ ഉടന്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്തുതാമസിക്കുന്ന ഇന്ത്യക്കാര്‍ക്കും വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ദുബായിലെ സംരംഭകന്‍ ഡോ. വി.പി.ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. നിയമം ഭേദഗതി ചെയ്താല്‍ മൂന്നുമാസത്തിനകം നടപ്പാക്കാനാവും.

ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനായിരുന്നു ആലോചന. പാര്‍ലമെന്റ് 2010ല്‍ പാസാക്കിയ ഭേദഗതിപ്രകാരം, പ്രവാസികള്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം.

തിരഞ്ഞെടുപ്പു ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ഈ നിയമഭേദഗതി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശം മാത്രമായി അവശേഷിക്കുമെന്നും വോട്ട് ചെയ്യണമെങ്കില്‍ മണ്ഡലത്തില്‍ നേരിട്ടു വന്നേ മതിയാവൂ എന്നത് അനീതിയാണെന്നും വ്യക്തമാക്കിയാണ് ഷംഷീര്‍ 2014 മാര്‍ച്ചില്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പ്രവാസികള്‍ക്കു സ്വന്തം മണ്ഡലത്തില്‍ എത്താതെ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് തപാല്‍ വോട്ട്, പ്രോക്സി വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഇപ്പോള്‍ പ്രോക്സി വോട്ട് മാത്രം അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാമെന്നു കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനു കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അതിനുശേഷം വെള്ളിയാഴ്ചയാണു കേസ് സുപ്രീം കോടതി പരിഗണിച്ചത്. ഇ-തപാല്‍ വോട്ട് അനുവദിക്കണമോ എന്ന കാര്യത്തില്‍ മന്ത്രിമാരുടെ സമിതി പിന്നീടു തീരുമാനിക്കും. സൈനികര്‍ അടക്കമുള്ള സര്‍വീസ് വോട്ടര്‍മാര്‍ക്കു ഇ-തപാല്‍ വോട്ട് അനുവദിക്കാന്‍ ഏതാനും മാസം മുന്‍പു തീരുമാനിച്ചിരുന്നു.

Read more topics: NRI, voting, Supreme Court
English summary
NRI voting rights: Ready to amend law, Centre tells Supreme Court
topbanner

More News from this section

Subscribe by Email