Tuesday March 26th, 2019 - 10:02:am
topbanner
topbanner

നിയമസഭയുടെ വജ്രജൂബിലി ആഘോഷം മഹാരാജാസില്‍ നവംബര്‍ 6, 7 തീയതികളില്‍

NewsDesk
നിയമസഭയുടെ വജ്രജൂബിലി ആഘോഷം മഹാരാജാസില്‍ നവംബര്‍ 6, 7 തീയതികളില്‍

കൊച്ചി: നവംബര്‍ 6, 7 തീയതികളില്‍ നടക്കുന്ന കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് ചരിത്രമുറങ്ങുന്ന രാജകീയ കലാലയം വേദിയാകും. മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം, സെമിനാര്‍, ഡിബേറ്റ് മത്സരം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയും ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നിയമസഭ മ്യൂസിയം പ്രദര്‍ശനവും ഫിസിക്‌സ് ഗ്യാലറിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനകീയസമിതി രൂപീകരണ യോഗത്തില്‍
വിപലുമായ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.

കേരള നിയമസഭയുടെയും ജില്ല ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ആറിന് മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കും. ജില്ലയിലെ എംഎല്‍എമാര്‍, പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളത്തിനു ശേഷം കൊച്ചി-തിരുകൊച്ചി നിയസഭയില്‍ അംഗങ്ങളായിരുന്നവരടക്കം മണ്‍മറഞ്ഞുപോയ പ്രമുഖ നിയമസഭ സാമാജികര്‍ക്ക് സ്മരണാഞ്ജലിയും ജീവിച്ചിരിക്കുന്ന പ്രമുഖ മുന്‍ സാമാജികര്‍ക്ക് സ്‌നേഹാദരങ്ങളും അര്‍പ്പിക്കും.

ഉച്ചയ്ക്ക് ശേഷം മൂന്നിന് വ്യാവസായിക നിയമങ്ങള്‍ കേരള സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വ്യവസായ മന്ത്രി, പ്രമുഖ വ്യാവസായിക നേതാക്കള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ കലോത്സവ വിജയികളായ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

രണ്ടാം ദിവസമായ നവംബര്‍ ഏഴിന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. ഡിബേറ്റ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കോളേജുകള്‍ മുന്‍കൂട്ടി പേരി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

നിയമസഭയുടെയും കേരള സംസ്ഥാനത്തിന്റെയും ചരിത്രം അനാവരണം ചെയ്യുന്ന നിയമസഭ മ്യൂസിയത്തിന്റെ പ്രദര്‍ശനം കാണുന്നതിന് രണ്ടു ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ട് വരെ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. നിയമസഭയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനുവുമുണ്ടാകും.

പ്രൊഫ. എം.കെ. സാനു രക്ഷാധികാരിയായും എഡിഎം എം.കെ. കബീര്‍ കണ്‍വീനറായും ജനകീയ സമിതി രൂപീകരിച്ചു. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍, സ്‌കൂള്‍ പിടിഎ എന്നിവരാണ് സമിതിയിലുള്ളത്. എസ്. ശര്‍മ്മ എംഎല്‍എ ചെയര്‍മാനും ജില്ല കളക്ടര്‍ കണ്‍വീനറും നിയമസഭ സെക്രട്ടറി എക്‌സ്. ഒഫീഷ്യോ സെക്രട്ടറിയും ജില്ലയിലെ എംഎല്‍എമാര്‍ അംഗങ്ങളുമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

നിരവധി നാഴികക്കല്ലുകളിലൂടെ കടന്നുപോയ കേരള നിയമസഭയുടെ പ്രൗഢമായ പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചായി മാറുന്ന പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നതെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. മ്യൂസിയം പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷണത്തിന്റെ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ജില്ലയ്ക്ക് അഭിമാനാര്‍ഹമായി മാറണമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിന് ഏവരുടെയും സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.

വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നിയമസഭ മ്യൂസിയം പ്രദര്‍ശനത്തിന് ജില്ലയിലെ സ്‌കൂള്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുന്നയിച്ചു. കൂടാതെ ഗ്രന്ഥശാല പ്രവര്‍ത്തകരുടെ സഹകരണവും വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള ജില്ലയിലെ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2422227, 8547278291. ഡിബേറ്റ് മത്സരത്തിന് ഒരു കോളേജില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ടീമിന് മത്സരിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്ന കോളേജുകള്‍ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 9746973245, 9495506642.

കൗണ്‍സിലര്‍മാരായ ഗ്രേസി ജോസഫ്, ഗ്രേസി ബാബു ജേക്കബ്, കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എസ്. അജിത, നിയമസഭ സെക്രട്ടറിയേറ്റ് അണ്ടര്‍ സെക്രട്ടറി ജി.പി. ഉണ്ണികൃഷ്ണ്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പ്രതിനിധി പ്രീതി എം.ബി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

 

Read more topics: niyamasabha, jubilee,
English summary
niyamasabha vajra jubilee
topbanner

More News from this section

Subscribe by Email