Wednesday November 14th, 2018 - 8:02:pm
topbanner

നിപ വൈറസ്: ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തി

Jikku Joseph
നിപ വൈറസ്: ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തി

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നും മരുന്ന് കോഴിക്കോട് എത്തിച്ചു. ഹ്യൂമന്‍ മോണോക്ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയശേഷമേ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ ശനിയാഴ്ച രാവിലെ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം.

മൂന്ന് ദിവസം മുമ്പാണ് റോജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നിപ ബാധിച്ച രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്.

12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ നിരീക്ഷണത്തിലാണ്. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം.

ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ എന്ന യുവാവ് നിപ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.

English summary
nipah virus in kerala australia new medicine
topbanner

More News from this section

Subscribe by Email