Wednesday November 21st, 2018 - 7:30:am
topbanner

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അഡ്മിന്റെ മദ്യക്കച്ചവടത്തിനെതിരെയും കേസ്

NewsDesk
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അഡ്മിന്റെ മദ്യക്കച്ചവടത്തിനെതിരെയും കേസ്

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനെതിരെ കൂടുതല്‍ കേസ് ചുമത്തി. കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷത്തിനു തലസ്ഥാനത്തെ ബാര്‍ ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ പണം വാങ്ങി മദ്യം വിറ്റതിനെ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് കേസെടുത്തത്.

അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം സരസില്‍ ടി.എല്‍.അജിത് കുമാറിനെതിരേ നേരത്തെ മദ്യവിപണനം പ്രോത്സാഹിപ്പിച്ചതിന് കേസെടുത്തിരുന്നു.

വാര്‍ഷികാഘോഷത്തിന് ബാര്‍ ഹോട്ടലില്‍ പ്രത്യേകം പണം വാങ്ങി മദ്യക്കച്ചവടം നടത്തിയതിന്റെ തെളിവുകള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.അനികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

പാര്‍ട്ടിക്ക് എത്തിയവരില്‍നിന്നും പണം വാങ്ങിയതിന്റെ രസീതുകള്‍, രജിസ്റ്ററുകള്‍, പാര്‍ട്ടിക്കുവേണ്ടി തയാറാക്കിയ ലഘുലേഖകള്‍, ക്ഷണക്കത്തുകള്‍ എന്നിവയും കണ്ടെടുത്തു.

മേയ് 26 നു സംഘടിപ്പിച്ച പാര്‍ട്ടിക്കെത്തിയവരില്‍നിന്നു ഭക്ഷണത്തിനും മദ്യത്തിനുമായി 1399 രൂപ വീതമാണ് ഈടാക്കിയത്. ആഘോഷ വിവരം അറിയിച്ച് അജിത്കുമാര്‍ അംഗങ്ങള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ ഭക്ഷണത്തിനും മദ്യത്തിനുമാണു ഫീസെന്നു വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈനിലും പണമിടപാടുകള്‍ നടന്നിട്ടുണ്ട്. പണം നല്‍കിയവരുടെ വിശദാംശങ്ങള്‍ എക്സൈസ് കണ്ടെടുത്തു. പണം വാങ്ങി മദ്യം വില്‍പ്പന നടത്താന്‍ എക്സൈസ് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

പാര്‍ട്ടി നടന്ന ഹോട്ടലിന് മദ്യം വിളമ്പാനുള്ള ബാര്‍ ലൈസന്‍സ് ഉണ്ടെങ്കിലും പങ്കെടുക്കുന്നവരില്‍ നിന്നും സംഘാടകന്‍ പ്രത്യേക ബില്ല് നല്‍കി പണം ഈടാക്കുന്നത് നിയമവിരുദ്ധമാണ്. മദ്യം വിളമ്പാനുള്ള അനുമതിക്ക് പ്രത്യേക ലൈസന്‍സ് വാങ്ങിയാല്‍ പോലും പണംവാങ്ങി മദ്യവില്‍പ്പന നടത്താന്‍ പാടില്ല. 200-ലേറെ പേര്‍ പങ്കെടുത്ത പാര്‍ട്ടി ജി.എന്‍.പി.സി.ക്ക് ലാഭക്കച്ചവടമായിരുന്നു.

ഒളിവില്‍ പോയ അജിത് കുമാറും ഭാര്യ വിനിതയും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജിഎന്‍പിസി എന്ന പേരിലുള്ള മറ്റു ഗ്രൂപ്പുകളിലാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളും എത്തിയതെന്നാണ് ഇവരുടെ വാദം.

ഒന്നരമാസമായി ഈ ഗ്രൂപ്പ് നിരീക്ഷണത്തിലായിരുന്നു. അംഗങ്ങള്‍ തന്നെ നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. നര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നേമം പൊലീസിനു സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

Read more topics: Case, GNPC, Admin, facebook
English summary
New Case Registered Against GNPC Admin
topbanner

More News from this section

Subscribe by Email