topbanner
Monday December 18th, 2017 - 1:02:am
topbanner
topbanner

തളിപ്പറമ്പ് നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് ശബരിമല സ്ഥിരം ഇടത്താവളം വരുന്നു

NewsDesk
തളിപ്പറമ്പ് നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് ശബരിമല സ്ഥിരം ഇടത്താവളം വരുന്നു

തളിപ്പറമ്പ്: ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് ശബരിമല സ്ഥിരം ഇടത്താവളം പദ്ധതി ആരംഭിക്കും. ജില്ലയില്‍ തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രപരിസത്തും സ്ഥിരം ഇടത്താവളം തുടങ്ങും. രണ്ടിടത്തും നവംബറില്‍ തറക്കല്ലിടുകയും ഈ വര്‍ഷത്തെ ശബരിമല സീസണ്‍ അവസാനിച്ചാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തുടനീളം 19 ഇടത്താവളങ്ങള്‍ ആരംഭിക്കുന്നത്. ഇതിന് 145 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഓഡിറ്റോറിയം, വിശ്രമകേന്ദ്രം, ഡോര്‍മിറ്ററികള്‍, വെജിറ്റേറിയന്‍ ഹോട്ടല്‍, പാര്‍ക്കിങ്ങ് ഏരിയ, 500 പേര്‍ക്ക് ഒരേസമയം കുളിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുമുള്ള സൗകര്യം, വിവരവിനിമയ കേന്ദ്രം എന്നിവയ്ക്ക് പുറമെ സ്ഥലസൗകര്യമുള്ള കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍പമ്പുകളും ഇടത്താവളത്തിന്റെ ഭാഗമായി ആരംഭിക്കും.

ഒരോ ഇടത്താവളത്തിനും 10 കോടിയോളം രൂപ ചെലവ് വരും. സംസ്ഥാനത്തുടനീളം ഒരോ 50 കിലോമീറ്ററിലും ഒരു ഇടത്താവളം എന്ന കണക്കിന് 60 ഇടത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ടെങ്കിലും മുന്‍ഗണന ക്രമം അനുസരിച്ചാണ് 19 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രവൃത്തി ആരംഭിക്കുന്നത്.

ദേശീയപാതയുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്ന സ്ഥലങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. നേരത്തെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രപരിസരം ഈ പദ്ധതിക്കായി മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പരിശോധിച്ചിരുന്നുവെങ്കിലും ദേശീയപാതയില്‍ നിന്ന് അകലെയായതിനാല്‍ ഒഴിവാക്കുകയായിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള നെല്ലിയോട്ട് ദേവീക്ഷേത്ര പരിസരത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇടത്താവളത്തിന് നേതൃത്വം നല്‍കിയ അയ്യപ്പസേവാസംഘം ഓര്‍ഗനൈസിംഗ് സെക്രട്ടെറി കെ.വി.മണികണ്ഠന്‍ നായര്‍ മുന്‍കൈയെടുത്താണ് എല്ലാ സൗകര്യങ്ങളുമുള്ള നെല്ലിയോട്ട് ദേവീക്ഷേത്ര പരിസരത്തുതന്നെ സ്ഥിരം ഇടത്താവളം പദ്ധതിക്കായി അംഗീകാരം നേടിയെടുത്തത്.

കാടാമ്പുഴ ഭഗവതി ക്ഷേത്രം, ചിനക്കല്ലൂര്‍ ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, തൃക്കേതടിയൂര്‍ മഹാദേവക്ഷേത്രം, തൃത്തല്ലൂര്‍ ശിവക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, ചിറക്കുളം ഭഗവതിക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, മുടിക്കോട് ശിവക്ഷേത്രം, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വണ്ടാനം ക്ഷേത്രം, ചെങ്ങന്നൂര്‍ ശിവക്ഷേത്രം, പന്തളം ധര്‍മ്മശാസ്താക്ഷേത്രം, കഴക്കൂട്ടം മഹാദേവക്ഷേത്രം, ശംഖുമുഖം ദേവീക്ഷേത്രം, കല്‍പ്പറ്റ മണിയങ്ങാട് ക്ഷേത്രം എന്നിവിടങ്ങളിലാണ് അദ്യഘട്ട ഇടത്താവളം സ്ഥാപിക്കുക.

പൊതുവേ ദേശീയപാതയോരത്തെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പരിസരത്താണ് ഇടത്താവളം തുടങ്ങുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇടത്താവളങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. സംസ്ഥാന തല പദ്ധതി ഉദ്ഘാടനം നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് നിര്‍വ്വഹിക്കും.

English summary
nelliyott temple sabarimala idathavalam
topbanner topbanner

More News from this section

Subscribe by Email