Friday July 20th, 2018 - 1:52:pm
topbanner
Breaking News

മലയാളിയുടെ അഹങ്കാരം കാരണമാണ് കേരളത്തില്‍ നീര്‍ത്തട-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാത്തതെന്ന് എം.ശിവശങ്കരന്‍

NewsDesk
മലയാളിയുടെ അഹങ്കാരം കാരണമാണ് കേരളത്തില്‍ നീര്‍ത്തട-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാത്തതെന്ന്  എം.ശിവശങ്കരന്‍

തളിപ്പറമ്പ്: തങ്ങള്‍ എല്ലാറ്റിനും മുകളിലാണെന്ന മലയാളിയുടെ അഹങ്കാരം കാരണമാണ് കേരളത്തില്‍ നീര്‍ത്തട-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാത്തതെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍. തളിപ്പറമ്പ് നിയോജകമണ്ഡലം സമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സമഗ്ര നീര്‍ത്തട വികസന ശില്‍പ്പശാല കരിമ്പം ഫാമിലെ ഐടികെ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളം പണം കൊടുത്ത് വാങ്ങാമെന്ന ചിന്തയില്‍ ജീവിക്കുന്നതിനാലാണ് മലയാളി ഒരുവിധത്തിലുമുള്ള മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്താതിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിനൊരു മാറ്റമുണ്ടായാല്‍ മാത്രമേ കേരളത്തില്‍ നീര്‍ത്തട പദ്ധതികള്‍ വിജയിക്കുകയുള്ളൂ. പാലിന്റെ കാര്യത്തില്‍ കേരളം ഏഴ് മാസത്തിനകം സ്വയംപര്യാപ്തയിലെത്തും അതോടൊപ്പം പാല്‍, മുട്ട, ഇറച്ചി, പച്ചക്കറി എന്നീ അവശ്യവസ്തുക്കളുടെ കാര്യത്തിലും നാം മുന്നണിയിലെത്തണമെങ്കില്‍ നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ ആദ്യം വിജയം നേടേണ്ടതുണ്ട്.

തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നാരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ഒരു ഗ്രന്ഥശാലക്ക് സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുമെന്നും എം.ശിവശങ്കര്‍ പറഞ്ഞു. നിയോജകമണ്ഡലത്തിലെ മയ്യില്‍, ചപ്പാരപ്പടവ്, മലപ്പട്ടം, കൊളച്ചേരി, കുറുമാത്തൂര്‍, പരിയാരം, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലേയും ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളിലേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അംഗങ്ങള്‍, കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ശില്‍പ്പശാലയാണ് നടന്നത്.

ജയിംസ്മാത്യു എംഎല്‍എ ആമുഖപ്രഭാഷണം നടത്തി. 2020 ല്‍ തളിപ്പറമ്പില്‍ പൂര്‍ണ്ണമായ ജലലഭ്യത ഉറപ്പുവരുത്താനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ജൂലായ് 31 ന് അന്തിമരൂപം നല്‍കുമെന്ന് അദ്ദേഹംപറഞ്ഞു. കില ഡയരക്ടര്‍ ഡോ.ജോയ് ഇളമണ്‍, നബാര്‍ഡ് എജിഎം എസ്.എസ്.നാഗേഷ്, മണ്ണ് പര്യവേഷണവകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പി.ബിജു, ഡോ.സി.ശശിധരന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍, യു.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. നബാര്‍ഡ്, കില, മണ്ണ് പര്യവേഷണ-കൃഷി-വനം വകുപ്പ് അധികൃതരാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ഔപചരികമായ യാതൊരു ചടങ്ങുകളുമില്ലാതെ നേരിട്ട് ശില്‍പ്പശാല ആരംഭിക്കുകയായിരുന്നു.

Read more topics: taliparamba, M sivasankar,
English summary
neerthada vikasanam shilpasala taliparamba M shivasankar
topbanner

More News from this section

Subscribe by Email