Thursday May 24th, 2018 - 1:23:pm
topbanner

നന്തന്‍കോട് കൂട്ടക്കൊലപാതകം ആസൂത്രിതം; പിതാവിന്റെ പരിഹാസം കൊലപാതകിയാക്കി

NewsDesk
നന്തന്‍കോട് കൂട്ടക്കൊലപാതകം ആസൂത്രിതം; പിതാവിന്റെ പരിഹാസം കൊലപാതകിയാക്കി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകം പ്രതി കാഡല്‍ ജീന്‍സണ്‍ രാജ (29) ആസൂത്രിതമായി നടത്തിയതാണെന്ന് പോലീസ്. ചാത്തന്‍സേവയോ മറ്റ് മാനസിക വൈകല്യമോ അല്ല കൊലയ്ക്ക് കാരണമായതെന്ന് മാനസികരോഗവിദഗ്ധരുടെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ആഭിചാരകര്‍മങ്ങളുടെ ഭാഗമായാണ് താന്‍ കൃത്യംനടത്തിയതെന്ന ആദ്യമൊഴി കളവാണെന്നും കൊല്ലണമെന്ന ഗൂഢോദ്ദേശ്യത്തോടെ ആസൂത്രിതമായി നടത്തിയ നീക്കമാണ് നാടിനെ നടുക്കിയ അരുംകൊലയില്‍ കലാശിച്ചതെന്നും കേന്റാണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ.ഇ. ബൈജു കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവെടുപ്പിന് പ്രതിയെ അഞ്ചുദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നാലുപേരെ കൊന്നതില്‍ പ്രതി ആനന്ദിച്ചു. 15 വര്‍ഷമായി താന്‍ 'ആസ്ട്രല്‍ പ്രൊജക്ഷന്‍' പരീക്ഷിക്കുന്നുണ്ടെന്നാണ് പോലീസിനോട് ഇയാള്‍ ആദ്യം പറഞ്ഞതെങ്കിലും പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കൊലപാതകത്തിനുള്ള മറയാക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.

വീട്ടില്‍നിന്ന് വലിയ അവഗണന നേരിട്ടതായി കാഡല്‍ മൊഴിനല്‍കിയിട്ടുണ്ട്. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്ക് വഴിമാറുകയായിരുന്നെന്നും കണ്ടെത്തി.

കുടുംബത്തിലെ മിക്കവരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കാഡലിന് വിദേശ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പിതാവില്‍നിന്ന് വലിയ അവഗണന നേരിട്ടിരുന്നു. ഇതോടെ പിതാവിനോട് കടുത്തവിരോധമായി. അതിനാല്‍ പിതാവിനെ കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീട് മറ്റുള്ളവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നുമാസമായി പദ്ധതി തയാറാക്കി. കേസില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപാതകത്തെ ആഭിചാരകര്‍മമായി മാറ്റാന്‍ പദ്ധതി തയാറാക്കിയത്.

എല്ലാവരെയും കൊന്നത് ഒരുദിവസമാണെന്നാണ് മൊഴിയെങ്കിലും പോലീസ് അതു വിശ്വസിക്കുന്നില്ല. മൂന്നുപേരെ ഒരു ദിവസവും ഒരാളെ രണ്ടുദിവസങ്ങള്‍ക്കു ശേഷവുമാണ് കൊന്നതെന്നാണ് പോലീസ് കരുതുന്നത്.

ഓരോരുത്തരെയും പലതവണ വെട്ടിയും കുത്തിയുമാണ് കൃത്യം നിര്‍വഹിച്ചത്. കൃത്യമായ ആസൂത്രണം മൂലമാണ് മറ്റാരും അറിയാതെ നാലുപേരെയും ഇയാള്‍ക്കു കൊല്ലാനായതെന്നും പോലീസ് പറയുന്നു.

കാഡലിന്റെ പിതാവ് പ്രഫ. രാജ തങ്കം, മാതാവ് റിട്ട. ഡോ. ജീന്‍ പദ്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ ഞായറാഴ്ച പുലര്‍ച്ചയാണ് നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വസതിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Read more topics: Murder, family, son, crime
English summary
Murder of four of family: son of victim couple confesses to crime1

More News from this section

Subscribe by Email