കോട്ടയം: കൊടും കുറ്റവാളികള്‍ ജയിലായാലും പുറത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ യാതൊരു തടസവുമില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍. ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന രണ്ടാം പ്രതി ബാസിത് അലി ജയിലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വിവരം പുറത്തുവന്നു.
ബാസിത് അലി ഇ മെയില്‍ വഴി ക്വട്ടേഷന്‍ നല്കിയ വിവരമാണ് പുറത്തായത്. ബിബീഷ് ബാബുവെന്ന തന്റെ പഴയ പേരിലുള്ള ഇ-മെയില്‍ വിലാസം ഉപയോഗിച്ച് സംഘാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു.
പരോള്‍ ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ടും ക്വട്ടേഷന്‍ ഏല്പിക്കുന്നതിനുമായിട്ടാണ് സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. ജയിലില്‍ കഴിഞ്ഞിരുന്ന 2016 ഡിസംബറിലും ഈ വര്‍ഷം മാര്‍ച്ചിലും ബാസിത് അലി പുറംലോകവുമായി ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ടു.
പുറത്തിറങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിസംബറില്‍ ഒരാള്‍ക്ക് സന്ദേശമയച്ചത്. തിരുവല്ലയില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാനുണ്ടെന്നുകാണിച്ചായിരുന്നു രണ്ടാമത്തെ സന്ദേശം.
കുറിച്ചി സചിവോത്തമപുരം സ്വദേശിയായ ബിബീഷ് ബാബു മതം മാറിയാണ് ബാസിത് അലിയായത്. കഴിഞ്ഞ ഏഴു വര്‍ഷമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഹവാല ഇടപാട് കേസിലെ മുഖ്യ കണ്ണി കൂടിയായിരുന്ന ഇയാള്‍ക്ക് തീവ്രവാദബന്ധമുള്ളതായി ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നേരത്തെ സംശയമുന്നയിച്ചിരുന്നു. ഇതിനിടെയാണ് ബാസിത് അലി ജയിലില്‍ യഥേഷ്ടം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.