Tuesday November 20th, 2018 - 3:33:am
topbanner

മിഷന്‍ അനന്തപുരി: കൊതുകു മുക്ത നഗരം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു

NewsDesk
മിഷന്‍ അനന്തപുരി: കൊതുകു മുക്ത നഗരം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മിഷന്‍ അനന്തപുരി- കൊതുകു മുക്ത നഗരത്തിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച്1 എന്‍1 പോലുള്ള പകര്‍ച്ചവ്യാധികളും വ്യാപകമായി പിടിപെടുകയാണ്. തലസ്ഥാനജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇത്തരം സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം. നഗരസഭയില്‍ കൂടുതലായി ഡെങ്കിപ്പനി ബാധിതര്‍ ഉള്ളതിനാലാണ് നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി മിഷന്‍ അനന്തപുരി കൊതുക് മുക്ത നഗരം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പകര്‍ച്ച പനി കുറവായിരുന്നു.

എന്നാല്‍ ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനവും ജലദൗര്‍ലഭ്യവും മാലിന്യ പ്രശ്‌നവും എല്ലാം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനു കാരണമായി. ഈ വര്‍ഷം ജനവരി മുതല്‍ തന്നെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഈ സാഹചര്യത്തില്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകരും മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജിതമാക്കണം.

കൂടാതെ നഗരസഭയുടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരെ മിഷന്‍ അനന്തപുരിയുടെ ആദ്യഘട്ടമായി നഗരസഭയുടെ 42 വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയിടാന്‍ നമ്മള്‍ ഓരോരുത്തരും മുന്‍കൈ എടുക്കണം. സ്വന്തം വീടും പരിസരവും മാലിന്യ വിമുക്തമാക്കാനും വെള്ളം കെട്ടി നില്‍ക്കുന്നത് തടയിടാനും നഗരവാസികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. തലസ്ഥാന നഗരത്തിന്റെ ചേരിപ്രദേശമായ രാജാജിനഗറില്‍ ജീവിതശൈലി രോഗങ്ങളും സാംക്രമിക രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ്. അതുകൊണ്ടു തന്നെ രാജാജിനഗറില്‍ ഒരു ഹെല്‍ത്ത് സെന്റര്‍ അനിവാര്യമാണെന്നും അതിനാല്‍ നിലവിലുള്ള നഗര പ്രഥമിക ആരോഗ്യ കേന്ദ്രം പുതുക്കി പണിയുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും ശിവകുമാര്‍ എംഎല്‍എ അറിയിച്ചു.

ദൈനംദിന പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടിംഗ് ആപ്ലിക്കേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് സ്വിച്ച് ഓണ്‍ ചെയ്തു. പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. ശ്രീകുമാര്‍, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജയലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.

Read more topics: mission, ananthapuri, kk shailaja,
English summary
mission ananthapuri mosquito free town
topbanner

More News from this section

Subscribe by Email