Thursday November 22nd, 2018 - 1:43:am
topbanner

സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി : മന്ത്രി കെ.കെ ശൈലജ

NewsDesk
സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി : മന്ത്രി കെ.കെ ശൈലജ

വയനാട്: സംസ്ഥാനത്തെ 500 പിഎച്ച്സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നു ആരോഗ്യ-കുടുംബക്ഷേമ, സാമൂഹികനീതി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ മൾട്ടി പർപസ് ബ്ലോക്ക് നിർമാണ പ്രവൃത്തി, ഉൗരുമിത്രം പദ്ധതി, പോഷകാഹാര പുനരധിവാസ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അവർ. നിലവിൽ 170 പിഎച്ച്സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ തിരഞ്ഞെടുത്തിട്ടുള്ളത്. 170 വീതം ഡോക്ടർമാരുടെയും ലാബ് ടെക്നീഷ്യൻമാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. 80ഒാളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. 340 സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിച്ചു.

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കുക, ചികിൽസാ ചെലവ് കുറയ്ക്കുക, ആശുപത്രികൾ ഹൈടെക് ആക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉൗർജിത പ്രവർത്തനങ്ങൾ നടത്തിവരികയാണ്. സംസ്ഥാനത്ത് നാലായിരത്തിലേറെ പുതിയ തസ്തികകൾ സൃഷ്ടിച്ചു. ജില്ലയിൽ മാത്രം 127 പുതിയ തസ്തികകളാണ് ഉണ്ടാക്കിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 35 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. രണ്ടുവർഷത്തിനകം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ മാത്രം 26 ഡോക്ടർമാരുടെ തസ്തികയുണ്ടാക്കി. മാനന്തവാടിയിൽ 62 ഡോക്ടർമാരുടെ ഒഴിവുകൾ നികത്തി.

ജില്ലാ ആശുപത്രിയിൽ ഒഫ്താൽമിക് യൂനിറ്റ് 40 ലക്ഷം രൂപ ചെലവിൽ പൂർത്തിയായിവരികയാണ്. എസ്എൻസിയു യൂനിറ്റിന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതിന്റെ പ്രവർത്തനവും നടന്നുവരുന്നു. വൃദ്ധസൗഹൃദ വാർഡ് നിർമാണത്തിനായി 15 ലക്ഷം രൂപ വിനിയോഗിച്ചു. ക്രിട്ടിക്കൽ കെയർ യൂനിറ്റിനായി 25 ലക്ഷം രൂപ അനുവദിച്ചു. കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഡോക്ടർമാർക്ക് ആരോഗ്യമന്ത്രി ഉപഹാരം നൽകി.

ഒ.ആർ കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.ജിതേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രതിഭാ ശശി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഎെ മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

 

Read more topics: minister, kk shailaja, wayanad,
English summary
minister kk shailaja wayanad ooru mithram inauguration
topbanner

More News from this section

Subscribe by Email