Wednesday November 21st, 2018 - 10:15:am
topbanner

ദേശീയപാത 4 വരി വികസനവുമായി ബന്ധപ്പെട്ട് ഒരിടത്തും സർവ്വേ മരവിപ്പിക്കാൻ നിർദ്ദേശവും നൽകിയിട്ടില്ല : മന്ത്രി ജി.സുധാകരൻ

NewsDesk
ദേശീയപാത 4 വരി വികസനവുമായി ബന്ധപ്പെട്ട് ഒരിടത്തും സർവ്വേ മരവിപ്പിക്കാൻ നിർദ്ദേശവും നൽകിയിട്ടില്ല : മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: ദേശീയപാത 4 വരി വികസനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരിടത്തും സർവ്വേ മരവിപ്പിക്കാൻ സർക്കാർ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ.

ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സർവ്വേ നടപടിയും കല്ലിടലും നിർത്തി വെയ്ക്കാൻ നിർദ്ദേശിച്ചതായി തെറ്റിദ്ധാരണാജനകമായ വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നത് തെറ്റാണ്. നിശ്ചയിച്ച അലൈൻമെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പുനഃപരിശോധിക്കുമെന്ന് മാത്രമാണ് നിർദ്ദേശിച്ചിട്ടുള്ളത്. വികസനത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്നതിനു പകരം സർക്കാരിനെതിരെ നടത്തുന്ന തെറ്റായ പ്രചാരവേലകൾ ശരിയാണോയെന്ന് മാധ്യമ സുഹൃത്തുക്കൾ ആലോചിക്കണം.

ചേർത്തല - കഴക്കൂട്ടം ദേശീയപാതയിൽ ഭൂമിയെടുപ്പ് അടയാളപ്പെടുത്താനുള്ള കല്ലുകൾ ടെണ്ടർ ചെയ്ത് ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണ് ഉണ്ടായത്. അടുത്ത ആഴ്ചയിൽ തന്നെ സർവ്വേ നടപടികൾ ആരംഭിക്കും. എനിക്ക് ലഭിച്ച വിവിധ പരാതികൾ ആവശ്യമായ പരിശോധനയ്ക്കായി ദേശീയപാത ഭൂമിയെടുപ്പിനായി പ്രത്യേകം നിയോഗിച്ച സംസ്ഥാനതല ഓഫീസർക്ക് നൽകിയിട്ടുണ്ട്. സർവ്വേ നടപടികൾ ആരംഭിക്കുമ്പോൾ ഈ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൂടി പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറത്തെ പരാതി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഈ വരുന്ന 11 ന് എം.പി, എം.എൽ.എ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുന്നുണ്ട്. സർക്കാരിന് യാതൊരു വാശിയുമില്ല. വികസനം നഷ്ടപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശം. ഇല്ലാത്ത വാർത്തകൾ സർക്കാരിന്റേതെന്ന രീതിയിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read more topics: g sudhakaran, national highway, land,
English summary
minister g sudhakaran about national highway 4 lane land acquire
topbanner

More News from this section

Subscribe by Email