Tuesday November 20th, 2018 - 5:35:am
topbanner

കണ്ണൂര്‍ സമാധാന യോഗത്തില്‍ ബഹളം; യു.ഡി.എഫ് ബഹിഷ്‌കരിച്ചു, പി. ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം

Jikku Joseph
കണ്ണൂര്‍ സമാധാന യോഗത്തില്‍ ബഹളം; യു.ഡി.എഫ് ബഹിഷ്‌കരിച്ചു, പി. ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം

കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. മന്ത്രി ബാലന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള്‍ രംഗത്തു വന്നു.

സി.പി.എം പ്രതിനിധിയായി വന്ന എം.പി കെ.കെ രാഗേഷിനെ വേദിയിലിരുത്തിയതും യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു. യോഗ വേദിക്ക് പുറത്ത് നിന്ന നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ഹാളിലേക്ക് കയറി നടപടിയെ ചോദ്യം ചെയ്തു. ഇത് സര്‍വകക്ഷി യോഗമാണെന്നും ജനപ്രതിനിധികളുടെ യോഗം പിന്നീട് ചേരുമെന്നും അധ്യക്ഷനായ മന്ത്രി ബാലന്‍ വിശദീകരിച്ചു.

kannur-suhaib-dead-body

എം.പിയായതിനാലാണ് രാഗേഷിനെ വേദിയിലിരുത്തിയതെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ രാഗേഷിനെ വേദിയിലിരുത്താന്‍ അനുവദിക്കില്ലെന്ന വാദത്തില്‍ യു.ഡി.എഫ് ഉറച്ച് നിന്നു. തുടര്‍ന്ന് രാഗേഷ് വേദിയില്‍ നിന്ന് മാറിയിരുന്നെങ്കിലും യു.ഡി.എഫ് പ്രതിഷേധവുമായി മുന്നോട്ട് പോയി.

ജനപ്രതിനിധകളെ ക്ഷണിക്കാതിരുന്നത് യോഗത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും യു.ഡി.എഫ് നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ആരോപിക്കുകയും യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ യു.ഡി.എഫിന്റെത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ നാടകമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. അവര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ യോഗത്തിന് ശേഷമാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാധാന യോഗം വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍ കയ്യെടുക്കാത്തതിനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം ചേര്‍ന്ന ഡിസിസി നേതൃയോഗം സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30നാണ് സര്‍വ്വ കക്ഷി സമാധാന യോഗം തുടങ്ങിയത്. മന്ത്രി എ.കെ ബാലന്‍, കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.



അതിനിടെ, കണ്ണൂര്‍ അലവില്‍ പൂതപ്പാറയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണമുണ്ടായി. പുലര്‍ച്ചെ എത്തിയ സംഘം ജനല്‍ ചില്ലുകളും കസേരകളും തകര്‍ത്തു. ആര്‍.എസ്.എസ്സും കോണ്‍ഗ്രസുമാണ് അക്രമത്തിനു പിന്നിലെന്നു സി.പി.എം ആരോപിച്ചു. ഷുഹൈബ് വധക്കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നിരാഹാരസമരം കണ്ണൂരില്‍ തുടരുകയാണ്. സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്തദിവസം ഡിജിപിയെ നേരില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കും.

kannur-shuhaib-murder-udf

Read more topics: meeting, shuhaib murder, kannur
English summary
meeting on-shuhaib murder in kannur
topbanner

More News from this section

Subscribe by Email